
മനാമ : എംപിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ബഹ്‌റൈനിലെത്തിയ ഷാഫി പറമ്പിലിന് വൻ സ്വീകരണം. യുഡിഎഫ് കോഴിക്കോട് ജില്ല കമ്മിറ്റിയും ബഹ്‌റൈനിലെ ആർഎംപി യുടെ പോഷക സംഘടനയായ നൗക ബഹ്‌റൈനും ചേർന്നാണ് എംപിക്ക് ബഹ്‌റൈനിൽ സ്വീകരണമൊരുക്കിയത്. ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘ഹൃദ്യം 2025’ എന്ന സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹത്തെ വാഹനത്തിൽ നിന്ന് ഇറങ്ങുമ്പോൾ മുതൽ ചുറ്റും കൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സംഘാടകർക്ക് നന്നേ പാടുപെടേണ്ടിവന്നു.

ഉമ്മൻ ചാണ്ടിക്ക് ശേഷം ബഹ്‌റൈനിൽ ഒരു നേതാവിന് ലഭിച്ച ഏറ്റവും വലിയ പൗര സ്വീകരണമാണ് എന്നാണ് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് ഷാഫിയുടെ സ്വീകരണ ചടങ്ങിനെ വിശേഷിപ്പിച്ചത്. ലോക്സഭയിൽ സംസാരിക്കാൻ ലഭിച്ച ആദ്യ അവസരത്തിൽ പ്രവാസികളുടെ വിഷയമായിരുന്നു പറഞ്ഞതെന്ന് ഷാഫി പറഞ്ഞു. ഇനിയും പ്രവാസികൾക്ക് വേണ്ടി തന്നെ പാർലമെന്റിൽ ശബ്ദിക്കുമെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ യുഡിഎഫിനോടൊപ്പം ഉണ്ടാകും. നേതാക്കന്മാർ ആര് നയിക്കുമെന്നല്ല, യുവനിര അടക്കമുള്ള വലിയൊരു ടീം ആണ് യുഡിഎഫിനെ അടുത്ത തിരഞ്ഞെടുപ്പിലും ഭരണത്തിലും നയിക്കുക എന്നും എംപി പറഞ്ഞു.

കഴിഞ്ഞ ദിവസം സെൻട്രൽ മാർക്കറ്റിൽ സാധാരണ തൊഴിലാളികൾക്കൊപ്പവും അദ്ദേഹം ഏറെ സമയം ചിലവഴിച്ചു. നാട്ടിലേക്ക് മൃതദേഹം അയക്കുമ്പോൾ വൈകുന്നത് സംബന്ധിച്ചുള്ള പ്രശ്നങ്ങളും തൊഴിലാളികളുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങളും അദ്ദേഹം സശ്രദ്ധം കേൾക്കുകയും ആവശ്യമായ നടപടികൾ എടുക്കാൻ സാധ്യമായവ ചെയ്യുമെന്നും ഉറപ്പ് നൽകി.
ബഹ്‌റൈനിലെ ഇന്ത്യൻ എംബസി സന്ദർശിച്ച എംപി അംബാസഡർ വിനോദ് കെ ജേക്കബുമായും ബഹ്‌റൈൻ പ്രവാസികളുടെ പരാതികളെപ്പറ്റി ചർച്ച നടത്തുകയും ചെയ്തു. കെഎംസിസി പ്രവർത്തകർ നൽകിയ സ്വീകരണയോഗത്തിലും പങ്കെടുത്ത അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കും മറുപടി നൽകിയാണ് മടങ്ങിയത്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും കുറ്റിയാടി മുൻ എംഎൽഎ പാറക്കൽ അബ്ദുള്ളയും അദ്ദേഹത്തോടൊപ്പം നാട്ടിൽ നിന്ന് എത്തിയിരുന്നു. ഒഐസിസി ദേശീയ, ജില്ലാ, ഏരിയ നേതാക്കൾ, പ്രവർത്തകർ, കെഎംസിസി നാഷനൽ, ജില്ല, ഏരിയ നേതാക്കൾ, പ്രവർത്തകർ, ഐവൈസിസിയുടെ നേതാക്കന്മാർ പ്രവർത്തകർ. ആർഎംപി നേതൃത്വം കൊടുക്കുന്ന നൗകയിലെ നേതാക്കന്മാർ തുടങ്ങിയവരും ചടങ്ങുകളിൽ പങ്കെടുത്തു.












