മസ്‌ക്കത്ത്: ഒമാനിൽ ചൂട് തുടർച്ചയായി ശക്തിപ്രാപിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന താപനില സുഹാറിൽ 47.1 ഡിഗ്രി സെൽഷ്യസായി രേഖപ്പെടുത്തി. ഒമാനിലെ വിവിധ ഭാഗങ്ങളിൽ ചൂട് കുറയാൻ സാധ്യതയില്ലെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കാലാവസ്ഥാ വകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നു.
ഷിനാസിൽ 46 ഡിഗ്രിയും, ജഅ്‌ലാൻ ബാനി ബു ഹസ്സനിൽ 45.7 ഡിഗ്രിയും, ഇസ്‌കിയിൽ 44.7, അൽ അവാബിയിൽ 44.4, ബൗഷറിൽ 43.9, നിസ്‌വയും സുരും 43.8, ഇബ്രയും സമൈലും 43.7 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി.
മസ്‌ക്കത്ത് വിമാനത്താവളത്തിൽ ചൂട് 43.1 ഡിഗ്രി വരെ ഉയര്‍ന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. തീരപ്രദേശങ്ങളിലെയും ഉള്‍പ്രദേശങ്ങളിലെയും ചൂട് വര്‍ധിച്ചു കൊണ്ടിരിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
അതേസമയം, വടക്കുപടിഞ്ഞാറന്‍ കാറ്റ് പല ഗവർണറേറ്റുകളിലും വീശി വരുന്നുണ്ട്. ഇത് മരുഭൂമികളും തുറസ്സായ പ്രദേശങ്ങളും പൊടിയിലാഴ്ത്തിയതിനും, ചില സമയങ്ങളിൽ ദൂരക്കാഴ്ചയെ ബാധിച്ചതിനും കാരണമായി.
മുസന്ദം ഗവർണറേറ്റിന്റെയും ഒമാൻ കടലിന്റെ തീരങ്ങളിലും ഉയർന്ന തിരമാലകൾ രേഖപ്പെടുത്തി. പൊടിപടലങ്ങൾ ബാധിച്ച പ്രദേശങ്ങളിൽ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന്, കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.