ദോഹ: അൽ സഈം മുഹമ്മദ് ബിൻഅബ്ദുല്ല അൽ അതിയ്യ വ്യോമ അക്കാദമിയിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ 12ാമത് ബാച്ചിന്റെ ബിരുദ ദാന ചടങ്ങിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തു. ബുധനാഴ്ച രാവിലെ അൽ ഉദൈയ്ദ് വ്യോമസേനാ താവളത്തിലെ അക്കാദമിയിലായിരുന്നു കാഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ്. ഈജിപ്ത് വ്യോമസേന കമാൻഡർ ലഫ്. ജനറൽ മഹ്മൂദ് ഫുആദ് അബ്ദുൽ ഗവാദ്, സോമാലിയ പ്രതിരോധ മന്ത്രി അബ്ദുൽഖാദിർ മുഹമ്മദ് നൂർ, കാനഡ വ്യോമസേന കമാൻഡർ ലഫ്. ജന. എറിക് കെന്നി ഉൾപ്പെടെ വിവിധ സൗഹൃദരാഷ്ട്ര പ്രതിനിധികൾ പങ്കെടുത്തു. വിവിധ മന്ത്രിമാർ, പ്രതിരോധ, ആഭ്യന്തര മന്ത്രാലയം, അമിരി ഗാർഡ്, ലഖ്വിയ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 119 കാഡറ്റുകളാണ് വ്യോമ അക്കാദമിയിൽ നിന്നും പരിശീലനം പൂർത്തിയാക്കി ഇറങ്ങിയത്. ജോർഡൻ, തുനീഷ്യ, സോമാലിയ, റുവാൻഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും പരിശീലനം പൂർത്തിയാക്കിയ കാഡറ്റുകളിലുണ്ട്. മിലിട്ടറി പരേഡ്, മാർച്ച് പാസ്റ്റ് ചടങ്ങുകൾക്ക് അമീർ സാക്ഷിയായി.











