മസ്കത്ത് : ഒമാനിലെത്തിയ ഖത്തർ വാണിജ്യ വ്യവസായ മന്ത്രി ഫൈസൽ താനി ഫൈസൽ ആൽഥാനി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് മുഹമ്മദ് അൽ യൂസുഫുമായി കൂടിക്കാഴ്ച നടത്തി. വിനോദം, ടൂറിസം എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ ഗുണനിലവാരമുള്ള നിക്ഷേപങ്ങൾ ആകർഷിക്കുന്നതിൽ പ്രത്യേക ഊന്നൽ നൽകിയുള്ള ചർച്ചകൾ നടന്നു. വ്യാപാര, വ്യവസായ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികളും വിശകലനം ചെയ്തു.
സുൽത്താനേറ്റിനെയും ഖത്തറിനെയും ബന്ധിപ്പിക്കുന്ന ഗ്യാസ് പൈപ്പ്ലൈൻ വിപുലീകരണവും ഇരുപക്ഷവും അവലോകനം ചെയ്തു. ലോക രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകൾ അവസാനിപ്പിക്കുന്നതിന് ജി.സി.സി ചർച്ചകൾ ത്വരിതപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ഇരുവരും ഊന്നിപ്പറഞ്ഞു.
വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ഡോ. സാലിഹ് സഈദ് മസാൻ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തന്റെ അണ്ടർസെക്രട്ടറി ഇബ്തിസാം അഹ് മദ് അൽ ഫാറൂജി, ഒമാനിലെ ഖത്തർ അംബാസഡർ മുബാറക് ഫഹദ് അൽഥാനി, ഇരു രാജ്യങ്ങളിലെയും മറ്റ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
