ദോഹ: ഖത്തറും ഒമാനും തമ്മിലെ വ്യാപാര-നിക്ഷേപ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച ചർച്ചകളുമായി മന്ത്രിതല കൂടിക്കാഴ്ച. ഖത്തർ വാണിജ്യ -വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ ഥാനി ബിൻ ഫൈസൽ ആൽ ഥാനിയും ഒമാൻ വാണിജ്യ -വ്യവസായ -നിക്ഷേപകാര്യ മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളും തമ്മിലെ വിവിധ മേഖലകളിലെ സഹകരണം വ്യാപാര -നിക്ഷേപ പ്രോത്സാഹന പദ്ധതികൾ സംബന്ധിച്ച് ചർച്ചകൾ നടത്തിയത്.
സ്വകാര്യ, സർക്കാർ മേഖലകളിൽ പങ്കാളിത്തം ശക്തമാക്കി നിക്ഷേപവും വ്യാപാരവും വർധിപ്പിക്കേണ്ട ആവശ്യകത മന്ത്രി വ്യക്തമാക്കി. ഉഭയകക്ഷി വ്യാപാരം, വ്യവസായ -നിക്ഷേപ പദ്ധതികൾ, മറ്റു മേഖലകളിലെ സാധ്യതകൾ എന്നിവ സംബന്ധിച്ച് ഉന്നത സംഘം ചർച്ച നടത്തി. ഇരു രാജ്യങ്ങളുടെയും സാമ്പത്തിക വളർച്ച ശക്തിപ്പെടുത്തുന്നതിനാവശ്യമായ വിഷയങ്ങളിൽ ചർച്ചയായി. സന്ദർശനത്തിന്റെ ഭാഗമായി ഇൻവെസ്റ്റ് ഒമാൻ ലോഞ്ചും മന്ത്രി ശൈഖ് ഫൈസൽ ബിൻ ഥാനി സന്ദർശിച്ചു.
