ദുബായ് : വ്യാപാര തടസ്സങ്ങൾ നേരിടാൻ സുസ്ഥിര ഡേറ്റാ അധിഷ്ഠിത വിതരണ ശൃംഖലകൾ അനിവാര്യമാണെന്ന് യുഎഇ സഹിഷ്ണുതാ-സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മബാറക് അൽ നഹ്യാൻ. സപ്ലൈ ചെയിൻ, ട്രെയിനിങ്, കൺസൾട്ടിങ് മേഖലകളിലെ മുൻനിരയിൽ നിൽക്കുന്ന ബ്ലൂ ഓഷ്യൻ കോർപറേഷൻ ദുബായിൽ സംഘടിപ്പിച്ച രാജ്യാന്തര പ്രൊക്യൂർമെന്റ് ആൻഡ് സപ്ലൈ ചെയിൻ കോൺഫറൻസി(ഐ.പി.എസ് 2025)ൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.വിതരണ ശൃംഖലകൾ ഫലപ്രദവും വേഗത്തിൽ മാറ്റങ്ങളോട് പ്രതികരിക്കുന്നതുമായിരിക്കണം. വിതരണ ശൃംഖലകളുടെ ദുർബല സ്വഭാവം ഞങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ആഗോളവൽക്കരിക്കപ്പെട്ട ലോകത്ത് സ്വതന്ത്ര വ്യാപാരത്തിനും സാങ്കേതിക പുരോഗതിക്കും വർധിച്ചു വരുന്ന ഓട്ടോമേഷനും റോബട്ടിക് ഉപയോഗത്തിനും വിപണി സമ്പദ് വ്യവസ്ഥയുടെ ശക്തിക്കും പ്രതികരിക്കാൻ കഴിയുന്ന തരത്തിലുള്ള വിതരണ ശൃംഖലകൾ ഉണ്ടാകണം. വിതരണ ശൃംഖലകൾ സുസ്ഥിരവും ശേഷിയുള്ളതും സുരക്ഷിതവും നൂതനവും ഡേറ്റയും തെളിവുകളും അടിസ്ഥാനമാക്കിയുള്ളതും ചെലവ് കുറഞ്ഞതുമായിരിക്കണം.
റീ ഡിഫൈനിങ് ഗ്ലോബൽ ട്രേഡ്: ദി യുഎഇ ഷേപ്പിങ് സസ്‌റ്റൈനബിൾ സപ്ലൈ ചെയിൻസ് ഫോർ ദ് ഫ്യുച്ചർ’ എന്ന വിഷയത്തിലാണ് ഐപിഎസ്‌സി 2025 സംഘടിപ്പിച്ചത്. ബ്ലൂ ഓഷ്യൻ കോർപറേഷൻ ഗ്രൂപ് സിഇഒ ഡോ. സത്യാ മേനോൻ, പെപ്‌സികോ ആഫ്രിക്ക-മിഡിൽ ഈസ്റ്റ്-ദക്ഷിണേഷ്യൻ മേഖലാ വൈസ് പ്രസിഡന്റും ചീഫ് പ്രൊക്യുർമെന്റ് ഓഫിസറുമായ നബിൽ സൂസൂ, മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി, ഇന്ത്യൻ സോഷ്യൽ ആക്ടിവിസ്റ്റും ദിവിജ ഫൗണ്ടേഷൻ ചെയർപേഴ്സണുമായ അമൃത ദേവേന്ദ്ര ഫഡ്‌നാവിസ്, ബ്ലൂ ഓഷ്യൻ ചെയർമാൻ അബ്ദുൽ അസീസ് എന്നിവരും സംബന്ധിച്ചു. ഐപിഎസ്‌സിയുടെ അടുത്ത പതിപ്പ് ന്യൂഡൽഹിയിൽ നടക്കും. മുൻ പതിപ്പുകൾ ദുബായ്, ലണ്ടൻ, മുംബൈ, റിയാദ് എന്നിവിടങ്ങളിലാണ് സംഘടിപ്പിച്ചത്.
