കുവൈത്ത് സിറ്റി : ഗതാഗത നിയമ ലംഘനത്തിന് പിഴയടയ്ക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിന് സമാനമായ പേരിൽ വ്യാജ വെബ്സൈറ്റുകളെയും സന്ദേശങ്ങളും പ്രചരിക്കുന്നതായി മുന്നറിയിപ്പ് നൽകി മന്ത്രാലയം. പിഴ അടക്കമുള്ള സേവനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.moi.gov.ae വഴിയോ അല്ലെങ്കിൽ മന്ത്രാലയത്തിന്റെ മൊബൈൽ ആപ്ലിക്കേഷനായ ‘Sahil’ ഉപയോഗിച്ചോ മാത്രമേ പണം അടയ്ക്കാൻ പാടുള്ളു.
ആഭ്യന്തര മന്ത്രാലയം ആർക്കും രാജ്യാന്തര ഫോൺ നമ്പറുകളിൽ നിന്ന് സന്ദേശങ്ങൾ അയക്കാറില്ല. അതുപോലെതന്നെ പിഴത്തുകയിൽ ഡിസ്കൗണ്ട് ഓഫർ നൽകിയിട്ടുള്ള അറിയിപ്പുകളും നൽകില്ല. ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ ആരും വീഴാതിരിക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെയുള്ള സംശയാസ്പദമായ സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻതന്നെ മന്ത്രാലയത്തിന്റെ ഔദ്യോഗിക ആപ്ലിക്കേഷൻ മുഖേന റിപ്പോർട്ട് ചെയ്യാനും മന്ത്രാലയം അഭ്യർഥിച്ചിട്ടുണ്ട്.
ഇത്തരം വ്യാജ വെബ്സൈറ്റുകൾ വഴി നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും സാമ്പത്തിക വിവരങ്ങളും ചോർത്താൻ സാധ്യതയുണ്ട്. അതുകൊണ്ട് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
