ഈ വര്‍ഷം ഇതുവരെ കാറില്‍ അകപ്പെട്ട 36 കുട്ടികളെ രക്ഷപ്പെടുത്തിയതായി പോലീസ്
ദുബായ് : കാറിനുള്ളില്‍ കുട്ടികളെ ഒറ്റയ്ക്ക് ഇരുത്തിയ ശേഷം പോകുന്ന രക്ഷിതാക്കള്‍ക്ക് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്. കടുത്ത ചൂടില്‍ കാറിനുള്ളില്‍ കുട്ടികള്‍ കുടുങ്ങിയാല്‍ ജീവന്‍ അപകടത്തിലാകുമെന്നും മരണം സംഭവിച്ച നിരവധി കേസുകള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുള്ളതായും ദുബായ് പോലീസ് ചൂണ്ടിക്കാട്ടി.
കാറിനുള്ളില്‍ കുട്ടികളെ ഇരുത്തിയ ശേഷം ഗ്രോസറികളിലേക്കും മറ്റും പോകുമ്പോള്‍ പലപ്പോഴും അറിയാതെ കാര്‍ ലോക്കായി പോകുന്നു.
ഇങ്ങിനെ കുട്ടികള്‍ കാറിനുള്ളില്‍ അകപ്പെട്ടാല്‍ എയര്‍ കണ്ടീഷന്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്താല്‍ കുട്ടികള്‍ക്ക് വായുലഭിക്കാതെയും നിര്‍ജ്ജലീകരണം സംഭവിച്ചും ജീവന്‍ അപകടത്തിലാകുകയാണ് ചെയ്യുന്നത്. പുറത്തെ താപനില 47-50 ഡിഗ്രി സെല്‍ഷ്യല്‍സില്‍ എത്തുമ്പോള്‍ കാറിനകത്ത് നാലു മുതല്‍ അഞ്ചു വരെ ഡിഗ്രി ചൂട് ഉയരും.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് രക്ഷിതാക്കളുടേയും വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരുടേയും ചുമതലയാണ്. ഇതില്‍ വീഴ്ച വരുത്തിയാല്‍ 2016 ലെ ഫെഡറല്‍ നിയമഭേദഗതി പ്രകാരം ശിക്ഷാര്‍ഹമാണ്.
ഈ വര്‍ഷം ഇതുവരെ മുപ്പത്തിയാറോളം കുട്ടികളെ ഇത്തരത്തില്‍ അപകടാവസ്ഥയില്‍ നിന്നും രക്ഷിച്ചാതായും ദുബായ് പോലീസ് അറിയിച്ചു.