സുധീര്‍നാഥ്
ഇടപ്പള്ളി ടോളില്‍ നിന്ന് കുട്ടിയായിരിക്കുമ്പോള്‍ പലപ്പോഴും പൈപ്പ് ലൈന്‍ ജംഗഷനിലുള്ള വീട്ടിലേയ്ക്ക് നടന്ന് വന്നിട്ടുണ്ട്. പണ്ട് ബസുകള്‍ അധികമായി ഉണ്ടായിരുന്നില്ല. രാത്രിയില്‍ വഴി വിളക്കായി ഉണ്ടായിരുന്നത് ബള്‍ബുകള്‍ മാത്രം. ഇന്ന് പകല്‍ വെട്ടം പോലാണ് വഴികള്‍. പണ്ട് സ്ട്രീറ്റ് ലൈറ്റിന് കീഴില്‍ പഠിച്ച് അമേരിക്കന്‍ പ്രസിഡന്‍റായ എബ്രഹാം ലിംഗണ്‍ എന്ന വ്യക്തിയെ ഓര്‍ത്തു പോയി. ചെറിയ വെട്ടത്തിലാണ് അന്നൊക്കെ നടത്തം. പിന്നീട് കവലകളില്‍ മാത്രം ട്യൂബ് ലൈറ്റ് എത്തി. ടോര്‍ച്ചാണ് പലപ്പോഴും ആശ്രയം. പെന്‍ ടോര്‍ച്ച് എന്നൊന്ന് ഉണ്ടായിരുന്നു. സൈക്കിളില്‍ ഡയ്നാമ വെച്ച് ചക്രത്തോട് ചേര്‍ത്ത് ഓടുമ്പോള്‍ ഒപ്പം കറങ്ങി സൈക്കിളിലെ മുന്നിലെ ചെറിയ ബള്‍ബ് കത്തുന്നത് പലപ്പോഴും അത്ഭുതമായിരുന്നു. ഈ വെട്ടത്തില്‍ എത്രയോ യാത്രകള്‍ സൈക്കിളില്‍ നടത്തിയിട്ടുണ്ട്. ചൂട്ട് കത്തിച്ച് രാത്രിയില്‍ യാത്ര ചെയ്യുന്നവരെ എത്രയോ കണ്ടിരിക്കുന്നു.
ത്യക്കാക്കരയ്ക്ക് മാത്രമല്ല കേരളത്തിലെ പല ഗ്രാമങ്ങള്‍ക്ക് വെളിച്ചം പകര്‍ന്നത് 1960 ല്‍ ജോസഫ് പള്ളിപ്പാടന്‍ ആരംഭിച്ച പോപ്പുലര്‍ മെഴുകുതിരി കമ്പനിയാണ്. ക്ലബിന് സമുപമുള്ള പോപ്പുലര്‍ കമ്പനി ത്യക്കാക്കരയ്ക്ക് അഭിമാനമാണ്. മെഴുകുതിരി ചിരട്ടയില്‍ കത്തിച്ച് വെച്ച് വഴിയാത്രക്കാര്‍ പോകുമായിരുന്നു. കടകളില്‍ പെട്രോമാക്സ് വന്നത് വലിയ വിപ്ലവമായി കരുതിയിരുന്നു. കൂടുതല്‍ വെളിച്ചം പെട്രോമാക്സ് തരുമായിരുന്നു.
എട്ടാം തരം പഠിക്കുന്ന സമയം. അന്നാണ് വീട്ടില്‍ കറന്‍റ് കണക്ഷന്‍ ലഭിക്കുന്നത്. അതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ വയറിങ്ങും മറ്റും നടത്തി വെച്ചിരുന്നു. മണ്ണണ്ണെ വിളക്കിന്‍റെ വെട്ടമായിരുന്നു ബാല്യകാലത്തെ ഇരുട്ടിനെ അകറ്റിയിരുന്നത്. കാറ്റ് വന്നാല്‍ വിളക്ക് കെടാതിരിക്കാന്‍ ചില്ലിന്‍റെ മറയുള്ള ചിമ്മിണി വിളക്കും വീട്ടിലുണ്ടായിരുന്നു. പാചകത്തിനും മണ്ണണ്ണ ഉപയോഗിച്ചിരുന്നു. മണ്ണണ്ണയ്ക്ക് ഒരു കാലത്ത് പെര്‍മിറ്റുണ്ടായിരുന്നു. പിന്നീട് സര്‍ക്കാര്‍ പെര്‍മിറ്റ് നിര്‍ത്തലാക്കി. കരിച്ചന്തയില്‍ മണ്ണണ്ണ വന്നപ്പോള്‍ അത് ഒഴിവാക്കാന്‍ നിറം കലര്‍ത്തിയാണ് ഇപ്പോള്‍ വില്‍പ്പന. അന്നും ഇന്നും റേഷന്‍ കട വഴിയാണ് മണ്ണെണ്ണ. മണ്ണെണ്ണ പെര്‍മിറ്റ് വിതരണം ചെയ്യാന്‍ മാത്രമായി പണ്ട് വേറെ കേന്ദ്രങ്ങളും ഉണ്ടായിരുന്നു.
കരിമക്കാട് പള്ളി റോഡില്‍ ഒരു വീട്ടിലും അക്കാലത്ത് കറന്‍റില്ലായിരുന്നു. വൈദ്യുതി ലൈന്‍ അത് വഴിയില്ല. മൂന്ന് തേക്കിന്‍റെ പോസ്റ്റുകള്‍ പണം നല്‍കി വൈദ്യുതി വകുപ്പില്‍ നിന്ന് സ്വന്തമായി വാങ്ങിയ ശേഷമാണ് വീട്ടില്‍ കറന്‍റ് വന്നത്. ഒട്ടേറെ തടസങ്ങള്‍ അക്കാലത്ത് ഉണ്ടായിരുന്നു. തടസങ്ങള്‍ ഉണ്ടാക്കിയ പലരുടേയും പേരും മുഖവും ഇപ്പോഴും ഓര്‍മ്മയിലുണ്ട്. കറന്‍റിന് വേണ്ടി മാതാപിതാക്കള്‍ അലഞ്ഞത് മറക്കുവാന്‍ സാധിക്കില്ല. അത്ര മാത്രം ബുദ്ധിമുട്ടിച്ചിട്ടുണ്ട് അക്കാലത്ത്. അടിയന്തിര സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ വീട്ടില്‍ രണ്ട് ടോര്‍ച്ചുകള്‍ ഉണ്ടായിരുന്നു. കറന്‍റ് കിട്ടിയ ദിവസം ഫാന്‍ കറങ്ങുന്നതും വീട്ടില്‍ ബള്‍ബ് വെട്ടം ഉണ്ടായതും കൗതുകത്തോടെ നോക്കി നിന്ന ബാല്യകാല ചിത്രം ഇന്നും മനസിലുണ്ട്.
വര്‍ഷങ്ങള്‍ക്ക് ശേഷം കേന്ദ്ര വൈദ്യുതി മന്ത്രി പി എം സെയ്തിന്‍റെ മാധ്യമ കാര്യ സെക്രട്ടറി ആയിരുന്ന കാലം. അഭിമാനത്തോടെ ഓര്‍ക്കുന്ന ചില കാര്യങ്ങളുണ്ട്. സമാന അനുഭവമുള്ള നൂറോളം പേര്‍ക്ക് കേരളത്തില്‍ മാത്രം വൈദ്യുതി കണക്ഷന്‍ നല്‍കി സഹായിക്കാന്‍ സാധിച്ചു. കണ്ണൂര്‍ ജില്ലയിലെ ആലക്കോടുള്ള എല്ല് ഒടിയുന്ന രോഗമുള്ള, നന്നായി കാര്‍ട്ടൂണും, കാരിക്കേച്ചറും വരയ്ക്കുന്ന വളര്‍ച്ചയില്ലാത്ത 25 വയസുള്ള ജിഷ എന്ന പെണ്‍കുട്ടിയെ കുറിച്ച് അറിയാന്‍ ഇടയായി. അന്ന് സിപിഎം എംപിയായ എ പി അബ്ദുള്ളകുട്ടിയാണ് ജിഷയുടെ കഥ പങ്ക് വെച്ചത്. അവരുടെ വരകള്‍ അറിയാന്‍ താത്പര്യം തോന്നിയപ്പോള്‍ വിവരം കണ്ണൂര്‍ സ്വദേശിയും കാര്‍ട്ടൂണ്‍ അക്കാദമി ഭാരവാഹിയുമായ കാര്‍ട്ടൂണിസ്റ്റ് സുരേന്ദ്രനോട് ഒന്ന് നേരില്‍ പോകാന്‍ അഭ്യര്‍ത്ഥിച്ചു. അദ്ദേഹവും മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് ജയരാജ് വെള്ളൂരും, പ്രഷോഭ് രവിയും കാര്‍ട്ടൂണ്‍ അക്കാദമിയെ പ്രതിനിധീകരിച്ച് ജിഷയെ വീട്ടില്‍ പോയി കണ്ടു.
ജിഷയേയും കുടുംബത്തേയും അച്ഛന്‍ ഉപേക്ഷിച്ച് പോയി. അമ്മ പുറം പണിക്ക് പോകുന്നു. അനുജന്‍ പഠനം നിര്‍ത്തി സൈക്കിള്‍ കടയില്‍ സഹായിയായി പോകുന്നു. വര്‍ഷങ്ങളായി വീടുകളില്‍ വയറിങ്ങ് പൂര്‍ത്തീകരിച്ച് ഇലക്ട്രിസിറ്റി കണക്ഷനായി കാത്തിരിക്കുകയാണ് ജിഷയും കോളനിയിലെ പല വീട്ടുകാരും. പത്ത് പോസ്റ്റുകള്‍ ഉണ്ടെങ്കിലേ കോളനി വൈദ്യുതീകരിക്കാന്‍ പറ്റൂ എന്ന് പാവങ്ങളായ അവരോട് വൈദ്യുതി വകുപ്പ് പറഞ്ഞിരിക്കുകയാണ്. എന്ത് സഹായം വേണമെന്ന് ചെന്ന കാര്‍ട്ടൂണിസ്റ്റുകള്‍ ചോദിച്ചപ്പോള്‍, കറന്‍റ് ലഭിച്ചാല്‍ ഉപകാരമായി എന്ന് മറുപടി നല്‍കി. ഇത്രയും വിവരങ്ങള്‍ ജിഷയെ കണ്ട ശേഷം അവര്‍ എന്നെ അറിയിച്ചു. ഇത് പഴയ കാലത്തേയ്ക്ക് എന്നെ കൊണ്ടെത്തിച്ചു. ഒരു പരാതിയായി വിവരങ്ങള്‍ കാണിച്ച് കേന്ദ്രമന്ത്രിക്ക് കത്ത് തയ്യാറാക്കി എന്‍റെ പേരില്‍ അയക്കാന്‍ പറഞ്ഞു.
കത്ത് ഡല്‍ഹിയിലെത്തി. വിവരം മന്ത്രിയോട് നേരിട്ട് പറഞ്ഞു. കേരളത്തില്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദാണ്. അദ്ദേഹത്തെ പി എം സെയ്ത് സാബിനെ കൊണ്ട് വിളിപ്പിച്ചു. കത്തിന്‍റെ പകര്‍പ്പ് തിരുവനന്തപുരത്തെ മന്ത്രിയുടെ ഓഫീസിലേയ്ക്ക് ഫാക്സ് ചെയ്തു. പിറ്റേന്ന് വൈകീട്ട് ജിഷയുടെ വീട്ടിലും, തുടര്‍ന്ന് കോളനിയിലെ മറ്റ് വീടുകളിലും കറന്‍റ് ലഭിച്ചു. മറ്റൊരു അനുഭവം കൂടി ഉണ്ട്. ലക്ഷദ്വീപില്‍ വര്‍ഷങ്ങളായി പോലീസില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയെ കുറിച്ച് മാധ്യമം പത്രത്തില്‍ ഒരു വാര്‍ത്ത വന്നു. തന്‍റെ വീട്ടില്‍ വൈദ്യുതി ഇല്ലെന്ന് അദ്ദേഹം പരിഭവം പറയുന്നത് വാര്‍ത്തയിലുണ്ട്. വിവരം മന്ത്രിയെ അറിയിച്ചു. മന്ത്രി പഴയത് പോലെ ആര്യാടന്‍ മുഹമ്മദിനെ വിളിച്ചു. അവിടേയും പിറ്റേന്ന് കരണ്ട് ലഭിച്ചു.
അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2010 ഏപ്രില്‍ 16. തലശ്ശേരി കോസ്മോപോളിറ്റന്‍ ക്ലബില്‍ കടത്തനാടന്‍ മഹോത്സവത്തിന്‍റെ ഭാഗമായി നടന്ന കാര്‍ട്ടൂണ്‍ ഫെസ്റ്റിവല്‍ ഉത്ഘാടനം ചെയ്തത് വീല്‍ചെയറില്‍ എത്തിയ ജിഷയായിരുന്നു. അന്നാണ് അവരെ ആദ്യമായി കാണുന്നത്. ജിഷയോടൊപ്പം അമ്മയും കോളനിയിലെ പലരും വന്നത് ഓര്‍ക്കുന്നു. സാക്ഷിയായി മയ്യഴിയുടെ കഥാകാരന്‍ എം മുകുന്ദനും, പിന്നീട് മന്ത്രിയും അന്ന് സ്ഥലം എംഎല്‍എയുമായ കെ പി മോഹനനും കുറേ കാര്‍ട്ടൂണിസ്റ്റുകളും, കണ്ണൂരിലെ ജനങ്ങളും…

















