മെഡിക്കല്‍ കോളേജില്‍ ഗുരുതര വീഴ്ചയെന്ന് ആരോപണം, ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
തിരുവനന്തപുരം അത്യാസന്ന നിലയില്‍ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്ക്രിയയ്ക്ക് വേണ്ടി കാത്തിരുന്ന രോഗി യഥാസമയം ശസ്ത്രക്രിയ നടക്കാതെ വന്നതിനെ തുടര്‍ന്ന് മരണമടഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൃക്ക തകരാറിലായ രോഗിക്ക് അടിയന്തര ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വൃക്ക എത്തിച്ചുവെങ്കിലും മണിക്കൂറുകള്‍ വൈകിയാണ് ശസ്ത്ക്രിയ നടത്താനായത്.
വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയുടെ വൃക്ക ലഭിച്ച ഉടനെ എറണാകുളത്തു നിന്നും വൃക്കയുമായി തിരുവനന്തപുരത്ത് എത്തിയെങ്കിലും മെഡിക്കല്‍ കോളേജിലെ അനാസ്ഥ മൂലം ശസ്ത്രക്രിയ വൈകുകയായിരുന്നു.
കളമശ്ശേരി രാജഗിരി ആശുപത്രിയില്‍ വാഹാനപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയുടെ വൃക്കയാണ് ബന്ധുക്കളുടെ സമ്മതത്തോടെ വൃക്കകളില്‍ ഒരെണ്ണം കോട്ടയം മെഡിക്കല്‍ കോളേജിനും മറ്റൊരു വൃക്കയും പാന്‍ക്രിയാസും കൊച്ചി അമൃത ആശുപത്രിക്കും നല്‍കി. ഈ വ്യക്തിയുടെ കരള്‍ രാജഗിരി ആശുപത്രിക്കും നല്‍കുകയായിരുന്നു.
എന്നാല്‍, കോട്ടയം മെഡിക്കല്‍ കോളേജിന് നല്‍കിയ വൃക്ക അനുയോജ്യരായ സ്വീകര്‍ത്താവ് ഇല്ലായിരുന്നതിനാല്‍ തിരുവനന്തപുരത്തെ രോഗിക്ക് നല്‍കുകയായിരുന്നു.
ശനിയാഴ്ച മസ്തിഷ്‌ക മരണം സംഭവിച്ച് രോഗിയില്‍ നിന്നും എടുത്ത വൃക്ക ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ ആംബുലന്‍സില്ഡ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രാത്രി ഒമ്പതരയ്ക്കാണ് ശസ്ത്ക്രിയ തുടങ്ങിയത്.
കളമശ്ശേരിയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വരെ ആംബുലന്‍സിന് വഴിയൊരുക്കാന്‍ ട്രാഫിക് പോലീസുമായി സഹകരിച്ച് ഗ്രീന്‍ ചാനല്‍ ഒരുക്കിയിരുന്നു.
മൂന്നു മണിക്കൂര്‍ കൊണ്ട് വൃക്ക തിരുവനന്തപുരത്ത് എത്തിച്ചെങ്കിലും ശസ്ത്രക്രിയ ആരംഭിക്കാന്‍ മൂന്നു മണിക്കൂര്‍ വൈകി. ഈ വിലപ്പെട്ട സമയം കളഞ്ഞു കുളിച്ചതാണ് പ്രശ്‌നമായതെന്ന് ആരോപണം ഉയരുന്നുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ ഉദാസീനതമൂലമാണ് യഥാസമയം ശസ്ത്രക്രിയ നടത്താന്‍ കഴിയാതെ വന്നതെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.
അതേസമയം, രോഗിക്ക് ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡയാലിസിസ് നടത്തേണ്ടതായിട്ടുണ്ടെന്നും ഇതാണ് ശസ്ത്രക്രിയ വൈകാന്‍ കാരണമെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍, മൂന്നു മണിക്ക് കൊച്ചിയില്‍ വൃക്ക വിജയകരമായി പുറത്തെടുത്ത സമയത്ത് രോഗിക്ക് ഡയാലിസിസ് നടത്തിയിരുന്നുവെങ്കില്‍ രോഗി രക്ഷപ്പെടുമായിരുന്നുവെന്നും അഭിപ്രായം ഉയരുന്നുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.












