ഹൗസ് മെയ്ഡ് ജോലിക്കെന്ന പേരില്‍ അനധികൃത റിക്രൂട്ട്‌മെന്റ് നടത്തിവന്ന മൂന്നു ഓഫീസുകളാണ് പൂട്ടി മുദ്രവെച്ചത്
കുവൈത്ത് സിറ്റി : ഹൗസ് മെയ്ഡ് വീസയില്‍ രാജ്യത്ത് എത്തിച്ച ശേഷം ബ്യൂട്ടി പാര്‍ലറുകളിലും മസാജ് സെന്ററുകളിലും ജോലിക്ക് നിര്‍ബന്ധിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്.
ഇതിനെ തുടര്‍ന്ന് അധികൃതര്‍ നടത്തിയ റെയ്ഡില്‍ മൂന്ന് സ്ഥാപനങ്ങള്‍ പൂട്ടി മൂദ്രവെച്ചു. ബ്യൂട്ടി സലൂണ്‍ നടത്തിവന്ന ചില സ്ഥാപനങ്ങളില്‍ നിന്ന് വീസയോ തൊഴില്‍ പെര്‍മിറ്റോ ഇല്ലാത്തവര്‍ ജോലി ചെയ്യുന്നതായി കണ്ടെത്തിയിരുന്നു.
ഇവരെ ഏഷ്യന്‍,അറബ് രാജ്യങ്ങളില്‍ നിന്ന് ഹൗസ് മെയിഡ് എന്ന നിലയില്‍ കൊണ്ടുവന്ന ശേഷം ഇതര ജോലികള്‍ക്കായി ഉപയോഗിക്കുകയായിരുന്നു.
വേതനം കൃത്യമായി കൊടുക്കുകയോ അവധി നല്‍കുകയോ ചെയ്യാതെ പലരേയും ചൂഷണം ചെയ്യുകയായിരുന്നു. പ്രതിഷേധിക്കുന്നവരെ തൊഴില്‍ വീസയില്ലാത്തത് കാട്ടി ഭയപ്പെടുത്തി കൂടെ നിര്‍ത്തുകയായിരുന്നു.
ഇതിനൊപ്പം ചില സലൂണുകള്‍ കോസ്‌മെറ്റിക് സര്‍ജറികള്‍ വരെ നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ബ്യുട്ടി സലൂണിലെ പീഡനം സഹിക്കവയ്യാതെ രക്ഷപ്പെട്ട സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ വ്യാജ കോസ്‌മെറ്റിക് ഡോക്ടറെ പിടികൂടുകയായിരുന്നു. ഇയാള്‍ക്ക് മെഡിക്കല്‍ ഡിഗ്രി ഇല്ലായിരുന്നു.
കുവൈത്ത് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റസിഡന്‍സി അഫയേഴ്‌സിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ഈജിപ്ത് ഉള്‍പ്പടെയുള്ള അറബ് രാജ്യങ്ങളില്‍ നിന്നും അനധികൃത റിക്രൂട്ട്‌മെന്റ് വഴി സ്ത്രീകളെ ഹൗസ് മെയിഡ് വീസയില്‍ എത്തിച്ച ശേഷം ഇതര ജോലികള്‍ക്ക് പ്രേരിപ്പിക്കുന്ന സംഘത്തിലെ 32 പേരെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.