അബുദാബി: യുഎഇയിൽ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികൾക്ക്തിരെ നിയമം കടുപ്പിച്ച് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. 2025ന്റെ ആദ്യ മൂന്ന് മാസങ്ങൾക്കിടെ നിയമലംഘനം നടത്തിയ 30 റിക്രൂട്ട്മെന്റ് ഓഫീസുകൾക്കെതിരെ നടപടിയെടുത്തതായി മന്ത്രാലയം അറിയിച്ചു. പരിശോധനയിൽ 89 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
പരിശോധനകൾ കടുപ്പിച്ച്
ഗാർഹിക തൊഴിലാളി റിക്രൂട്ട് ചെയ്യുന്ന ഏജൻസികളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി പരിശോധനകൾ ഊർജിതമാക്കിയിട്ടുണ്ട്. നിയമലംഘനം ചെയ്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
മുഖ്യമായ നിയമലംഘനങ്ങൾ
- റിക്രൂട്ടിങ് പ്രക്രിയയിൽ സുതാര്യതയില്ലായ്മ
- സേവന പാക്കേജുകളുടെ വിശദാംശങ്ങൾ വ്യക്തമാക്കാതിരിക്കുക
- ശമ്പളവും ആനുകൂല്യങ്ങളും കൃത്യമായി നൽകാതിരിക്കുക
- നിയമവിരുദ്ധമായി റിക്രൂട്ടിങ് ഫീസ് ഈടാക്കൽ
റിഫണ്ട് നിഷേധിക്കുന്ന ഏജൻസികൾക്കും നടപടി
വീട്ടുജോലിക്കാരുടെ കരാർ തീരുന്നതിന് മുമ്പ് ജോലി നിർത്തിയപ്പോൾ രണ്ട് ആഴ്ചക്കുള്ളിൽ റിക്രൂട്ട്മെന്റ് ഫീസ് പൂർണമായോ ഭാഗികമായോ തിരികെ നൽകാത്ത ഏജൻസികൾക്കെതിരെയും നടപടിയെടുത്തു.
ശിക്ഷാ നടപടികൾ മൂന്ന് ഘട്ടങ്ങളിലായി
- ആദ്യം മുന്നറിയിപ്പ്
- പിന്നീട് പിഴ
- ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കൽ
റിക്രൂട്ട്മെന്റ് ഫീസ് റീഫണ്ട് സംബന്ധിച്ച പ്രശ്നങ്ങൾക്കും കാലതാമസത്തിനും തൊഴിലുടമകൾക്ക് ഔദ്യോഗിക ഡിജിറ്റൽ ചാനലുകളിലൂടെയും ലേബർ ക്ലെയിംസ് ആൻഡ് അഡ്വൈസറി കോൾ സെന്ററായ 80084 ലൂടെയും പരാതി നൽകാവുന്നതാണ്.
നിയമാനുസൃത ഏജൻസികളുടെ പട്ടിക ലഭിക്കാം
ലൈസൻസുള്ള ഔദ്യോഗിക റിക്രൂട്ട്മെന്റ് ഏജൻസികളുടെ പട്ടികയ്ക്ക് www.mohre.gov.ae എന്ന വെബ്സൈറ്റ് സന്ദർശിക്കാം. നിയമം പാലിക്കുന്ന ഏജൻസികളെ മന്ത്രാലയം അഭിനന്ദിക്കുകയും ചെയ്തു.
ഹോട്ട് ലൈൻ: 80084
വെബ്സൈറ്റ്: www.mohre.gov.ae