അബുദാബി ∙ വിസ് എയർ സർവീസ് നിർത്തിയതിന്റെ പശ്ചാത്തലത്തിൽ, അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയർവേയ്‌സ് വിസ് എയർ സർവീസുകൾ നടത്തുന്നിരുന്ന റൂട്ടുകളിലേക്ക് പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ചു. ഖസക്കിസ്ഥാനിലെ അൽമാട്ടി, അസർബൈജാനിലെ ബാകു, റൊമാനിയയിലെ ബൂക്കറസ്റ്റ്, സൗദിയിലെ മദീന, ജോർജിയയിലെ തിബിലീസി, ഉസ്ബെക്കിസ്ഥാനിലെ താഷ്കന്റ്, അർമേനിയയിലെ യേറവാൻ എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
മദീനയിലേക്കുള്ള സർവീസാണ് ആദ്യം
2024 നവംബർ മുതൽ മദീനയിലേക്കുള്ള സർവീസ് ആരംഭിക്കും. ബാക്കിയുള്ള റൂട്ടുകളിലേക്കുള്ള വിമാനങ്ങൾ 2025 മാർച്ചിൽ മുതൽ പ്രവർത്തനം ആരംഭിക്കും. അടുത്ത ദിവസങ്ങളിൽ തന്നെ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.
2024-ൽ മാത്രം 27 പുതിയ റൂട്ടുകൾ
ഈ വർഷം ഇത്തിഹാദ് പ്രഖ്യാപിച്ച പുതിയ സർവീസുകളുടെ എണ്ണം 27 ആയി. വിസ് എയർ ഉപയോഗിച്ച് യാത്ര ചെയ്‌തിരുന്ന വിനോദ സഞ്ചാരികളെയും വ്യാപാര സാദ്ധ്യതകളേയും നേരിട്ട് അബുദാബിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി. പുതിയ റൂട്ടുകൾ യാത്രാസൗകര്യവും വാണിജ്യവികസനവും ഒരുപോലെ ലക്ഷ്യമിടുന്നതാണ്.
ഇതിനുമുമ്പ് പ്രാഗ്, വാർസോ, സോചി, അറ്റ്‌ലാന്റ തുടങ്ങിയ റൂട്ടുകൾ പ്രഖ്യാപിച്ചിരുന്നു. കൂടാതെ 13 പുതിയ സർവീസുകൾ കൂടി ഈ വർഷം അവസാനത്തിൽ പ്രഖ്യാപിക്കുമെന്ന് ഇത്തിഹാദ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അന്റൊനൊവാൾഡോ നേവിസ് അറിയിച്ചു.
അടുത്ത വേനൽക്കാലത്തിനായി പോളണ്ടിലെ ക്രാകോവ്, ഒമാനിലെ സലാല, റഷ്യയിലെ ഖസൻ തുടങ്ങിയ നഗരങ്ങളിലേക്കും ഇത്തിഹാദ് സർവീസ് ആരംഭിക്കും.
വിസ് എയർ ബജറ്റ് എയർലൈൻ ആയതിനാൽ കർശനമായ ലഗേജ് നിയന്ത്രണങ്ങളും പരിധിയുള്ള സീറ്റിങ്ങ് സൗകര്യങ്ങളുമായിരുന്നു. എന്നാൽ ഇത്തിഹാദ് എയർവേയ്‌സിന്റെ പ്രവേശനത്തോടെ കൂടുതൽ സൗകര്യപ്രദമായ സീറ്റുകളും, ലഗേജ് നിബന്ധനകളിൽ ഇളവുകളും യാത്രക്കാർക്ക് പ്രതീക്ഷിക്കാവുന്നതാണ്.
ടിക്കറ്റ് നിരക്ക് പ്രധാന ആകർഷണം
ഇത്തിഹാദ് സർവീസിന്റെ ടിക്കറ്റ് നിരക്കാണ് ഇപ്പോൾ യാത്രക്കാർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രധാന വിഷയങ്ങളിൽ ഒന്ന്. സർവീസിന്റെ ഗുണനിലവാരം നിലനിർത്തിയിരിക്കുന്നതനുസരിച്ച്, നിരക്ക് എത്രയാകും എന്നതാണ് ഏറെപേരും ആലോചിക്കുന്നത്.