മസ്‌കത്ത് : ഇത്തവണത്തെ വിഷുക്കാലം ഒമാനിലെ പ്രവാസി മലയാളികൾക്ക് നാട്ടിൽ ആഘോഷിക്കാം. വിമാനക്കമ്പനികൾ കേരളത്തിലേക്കുള്ള വിവിധ സെക്ടറുകളിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. കോഴിക്കോട്, കൊച്ചി സെക്ടറുകളിലാണ് നിലവിൽ ഏറ്റവും കുറഞ്ഞ നിരക്ക് കാണിക്കുന്നത്. അടുത്ത മാസത്തിന്റെ ആദ്യവാരം വരെ ഈ നിരക്കുകളിൽ പ്രവാസികൾക്ക് കേരളത്തിലേക്ക് യാത്ര ചെയ്യാനാകും. മടക്കയാത്രാ നിരക്കുകളിലും കാര്യമായ കുറവുണ്ട്.
എയർ ഇന്ത്യ എക്സ്പ്രസ്, സലാം എയർ, ഒമാൻ എയർ, ഇൻഡിഗോ എന്നീ വിമാനക്കമ്പനികളെല്ലാം താരതമ്യേന കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ നൽകുന്നുണ്ടെങ്കിലും, ഏറ്റവും കുറഞ്ഞ നിരക്ക് എയർ ഇന്ത്യ എക്സ്പ്രസിലാണ്. മസ്‌കത്തിൽ നിന്ന് കോഴിക്കോട്ടേക്ക് നിലവിൽ 27 ഒമാനി റിയാലാണ് എയർ ഇന്ത്യ എക്സ്പ്രസിലെ ടിക്കറ്റ് നിരക്ക്. മേയ് ഒന്ന് വരെ ഈ നിരക്കിൽ ടിക്കറ്റ് ലഭ്യമാകും. കൊച്ചിയിലേക്കുള്ള യാത്രക്ക് ഏപ്രിൽ 30 വരെ 29 റിയാലാണ് നിരക്ക്. മേയ് ആദ്യവാരത്തിൽ ഇത് 35 റിയാൽ മാത്രമായിരിക്കും.
മസ്‌കത്ത്-തിരുവനന്തപുരം റൂട്ടിൽ നിലവിൽ 36 റിയാലാണ് ടിക്കറ്റ് നിരക്ക്. ഈ തുകയ്ക്ക് ഏപ്രിൽ 30 വരെ ടിക്കറ്റുകൾ ലഭിക്കും. മസ്‌കത്തിൽ നിന്ന് കണ്ണൂരിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇപ്പോൾ 40 റിയാലാണ്. എന്നാൽ ഏപ്രിൽ 19 മുതൽ ഇത് വീണ്ടും കുറഞ്ഞ് 35 റിയാലായി മാറും. ഈ നിരക്ക് ഈ മാസം അവസാനം വരെ തുടരും. സലാലയിൽ നിന്ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും 35 റിയാലിന് ടിക്കറ്റ് ലഭിക്കുമെന്നുള്ളത് ശ്രദ്ധേയമാണ്.
അതേസമയം, കേരളത്തിലെ വിവിധ സെക്ടറുകളിൽ നിന്ന് ഒമാനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളും കുറഞ്ഞു വരുന്നുണ്ട്. കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് മസ്‌കത്തിലേക്കുള്ള നിലവിലെ ടിക്കറ്റ് നിരക്ക് 40 റിയാലിനും 50 റിയാലിനും ഇടയിലാണ്. കഴിഞ്ഞ ആഴ്ചയിൽ ഇത് 100 റിയാലിൽ കൂടുതലായിരുന്നു.
ടിക്കറ്റ് നിരക്കുകൾ കുറഞ്ഞ ഈ അവസരം പ്രയോജനപ്പെടുത്തി നിരവധി പ്രവാസികൾ നാട്ടിലേക്ക് യാത്ര ചെയ്യുന്നുണ്ട്. എങ്കിലും സാധാരണ സീസണുകളെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണം കുറവാണ്. നിലവിലുള്ള ഈ കുറഞ്ഞ ടിക്കറ്റ് നിരക്ക് മേയ് മാസാവസാനത്തോടെ വർധിക്കാനുള്ള സാധ്യതയുണ്ട്. ജൂൺ, ജൂലൈ മാസങ്ങളിൽ അവധിക്കാലം ആഘോഷിക്കാൻ നാട്ടിലേക്ക് വരാനായി കാത്തിരിക്കുന്ന നിരവധി പ്രവാസി കുടുംബങ്ങളുണ്ട്. ടിക്കറ്റ് വില നാലിരട്ടി വരെ വർധിക്കുന്നതിൽ നിന്ന് രക്ഷ നേടാനായി പലരും മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്തിട്ടുണ്ട്.
