ന്യുഡല്‍ഹി: വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കൂടിക്കാഴ്ച്ച നടത്തി. ഡല്‍ഹിയിലെ കേരള ഹൗസിലായിരുന്നു കൂടിക്കാഴ്ച്ച. എന്നാല്‍ വിഷയത്തില്‍ എംവി ഗോവിന്ദന്‍ പ്രതികരിക്കാന്‍ തയ്യാറിയില്ല.
അന്‍വര്‍ വിവാദത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് ക്ഷുഭിതനായാണ് എം വി ഗോവിന്ദന്‍ പ്രതികരിച്ചത്. ‘മലയാളത്തിലാണ് ഞാന്‍ നിങ്ങളോട് പറഞ്ഞത് ഇക്കാര്യത്തില്‍ ഉച്ചയ്ക്ക് പ്രതികരിക്കാമെന്ന്. വാര്‍ത്താ സമ്മേളനം ഉച്ചയ്ക്ക് വിളിക്കും’, എന്നാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്.
സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഇന്നും നാളെയുമാണ് പോളിറ്റ് ബ്യൂറോ നടക്കുന്നത്. അതിനായി മുതിര്‍ന്ന സിപിഐഎം നേതാക്കളെല്ലാം ഡല്‍ഹിയിലാണ്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിന് ശേഷമുള്ള ആദ്യ പോളിറ്റ് ബ്യൂറോ യോഗത്തിനാണ് ഇന്ന് തുടക്കമാവുന്നത്.
മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കുമെതിരെ കടന്നാക്രമണം നടത്തിയ അന്‍വറിനെതിരെ പാര്‍ട്ടി എന്ത് നിലപാട് സ്വീകരിക്കും എന്നതിലും ഇന്ന് തീരുമാനമുണ്ടായേക്കും. ഇതിനകം പാര്‍ട്ടിയും മുന്നണിയും അന്‍വറിനെ തള്ളി രംഗത്തെത്തിയിട്ടുണ്ട്.
അന്‍വര്‍ പാര്‍ട്ടിക്കെതിരെ കടന്നാക്രമണം നടത്തിയത് ഏതോ കേന്ദ്രങ്ങളില്‍ നടത്തിയ ഗുഢാലോചനയുടെ ഫലമെന്നാണ് ടി പി രാമകൃഷ്ണന്‍ പ്രതികരിച്ചത്. ആരോപണങ്ങളില്‍ എംഎല്‍എ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പരിശോധന നടക്കുകയാണെന്നും അതിനിടെ പരസ്യപ്രസ്താവന നടത്തിയത് ഉചിതമല്ലെന്നും ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.
‘അന്‍വറിന്റെ ഉദ്ദേശം എന്താണെന്ന് വ്യക്തമാണ്. മുന്നണിയുടെ ഭാഗമായി നില്‍ക്കുന്ന എംഎല്‍എ ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ല. അന്‍വര്‍ ചില ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ അന്‍വര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പരിശോധന നടക്കുകയാണ്. പാര്‍ട്ടിക്ക് പുറത്തുള്ളവരും പാര്‍ട്ടിക്ക് പരാതികള്‍ അയക്കാറുണ്ട്. ഇതിനെല്ലാം നീതിപൂര്‍വ്വമായ നിലപാടാണ് സ്വീകരിക്കാറ്. പാര്‍ട്ടി നിലപാട് വ്യക്തമാക്കുന്നതിന് മുമ്പ് കടന്നാക്രമണം നടത്തിയത് ഏതോ കേന്ദ്രങ്ങളില്‍ നടത്തിയ ആലോചനയിലാണ്. വ്യാപകമായ പ്രചാര വേല യുഡിഎഫും ബിജെപിയും മുന്നണിയുടെ ശത്രുക്കളും നടത്തിയിട്ടുണ്ട്’, ടി പി രാമകൃഷ്ണന്‍ പറഞ്ഞു.