ലണ്ടൻ : മെഡിക്കൽ അടിയന്തരാവസ്ഥയെ തുടർന്ന് വിമാനത്തിന് തുർക്കിയിലെ വിദൂര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്. ലണ്ടനിൽ നിന്ന് മുംബൈയിലേക്കുള്ള വിർജിൻ അറ്റ്ലാന്റിക് വിമാനമാണ് അടിയന്തരമായി തുർക്കിയിലെ ദിയാർബക്കിർ വിമാനത്താവളത്തിൽ ഇറക്കിയത്. ഏകദേശം 16 മണിക്കൂറിലധികമാണ് യാത്രക്കാർ ഇവിടെ കുടുങ്ങിയത്. മെഡിക്കൽ അടിയന്തരാവസ്ഥയെ തുടർന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്.ഇതേ തുടർന്ന് 200-ലധികം ഇന്ത്യൻ യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. നിലത്തിറക്കുന്നതിനിടെ വിമാനത്തിന് തകരാർ സംഭവിച്ചതായും എയർലൈൻ ജീവനക്കാർ അറിയിച്ചു. അതേസമയം തുർക്കിയിൽ നിന്നുള്ള യാത്രയെക്കുറിച്ച് യാത്രക്കാർക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. പകരം വിമാനത്തിനുള്ള ക്രമീകരണത്തിന്റെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്.
വിമാനത്തിൽ വച്ച് ഒരു യാത്രക്കാരന് പരിഭ്രാന്തി ഉണ്ടായതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ് നടത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം 200 ലേറെ ഇന്ത്യക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നത്. ഇതുവരെ താമസ സൗകര്യം ലഭിച്ചിട്ടില്ലെന്നും, ആശയവിനിമയമില്ലാതെ പകുതി ശൂന്യമായ ഒരു ടെർമിനൽ കെട്ടിടത്തിൽ ഞങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. ഞങ്ങൾക്കിടയിൽ ചെറിയ കുട്ടികളും സ്ത്രീകളും രോഗികളുമുണ്ട് എന്നും യാത്രക്കാരിൽ ചിലർ സമൂഹമാധ്യമത്തിൽ പറഞ്ഞു.











