ആഗോള തലത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ഇവന്റിന് ദുബായ് വേദിയാകുന്നു. മെയ് പതിനേഴ് മുതല്‍ 19 വരെ
ദുബായ് : ആഗോള വ്യോമയാന മേഖലയുടെ വളര്‍ച്ചയും വികാസവും ചര്‍ച്ച ചെയ്യുന്ന എയര്‍പോര്‍ട്ട് ഷോ ക്ക് ഇന്ന് തുടക്കം.
മെയ് പതിനേഴ് മുതല്‍ പത്തൊമ്പത് വരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലാണ് വിമാനത്താവള ഉടമകളുടേയും മേല്‍നോട്ട കമ്പനികളുടേയും നേതൃത്വത്തില്‍ എയര്‍പോര്‍ട്ട് ഷോ നടക്കുന്നത്.
ആഗോളതലത്തില്‍ വ്യോമയാന മേഖലയിലുണ്ടായ മാറ്റങ്ങളും കോവിഡ് മഹാമാരികാലത്തുണ്ടായ തിരിച്ചടികളും എല്ലാം വേദിയില്‍ ചര്‍ച്ച ചെയ്യും.
വ്യോമയാന മേഖല നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും അവയ്ക്കുള്ള പരിഹാരങ്ങളും ഈ വേദിയില്‍ അവതരിപ്പിക്കും.
വ്യോമയാന മേഖലയുടെ അടിസ്ഥാന സൗകര്യമായ വിമാനത്താവളങ്ങളുടെ വികസനവും നടത്തിപ്പുമാണ് ഇരുപത്തിയൊന്നാമത് എയര്‍പോര്‍ട്ട് ഷോയുടെ പ്രമേയം.
ആഗോള വിമാനത്താവള വ്യവസായത്തെ ബന്ധിപ്പിക്കുന്നു എന്ന മുദ്രാവാക്യവുമായാണ് ഇവന്റ് നടക്കുന്നത്.
എയര്‍പോര്‍ട്ട് മേഖലയിലെ വ്യവസായ പ്രമുഖര്‍, വിദഗ്ദ്ധര്‍, സിവില്‍ ഏവിയേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, എന്നിവര്‍ എയര്‍പോര്‍ട്ട് ഷോയില്‍ പങ്കെടുക്കും.
ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖമായ ഇരുപതോളം രാജ്യങ്ങളില്‍ നിന്നുള്ള വ്യവസായികള്‍ തങ്ങളുടെ പുതിയ നവീകരണ ആശയങ്ങളും സേവനങ്ങളും ഉത്പന്നങ്ങളും ഷോയില്‍ പ്രദര്‍ശിപ്പിക്കും.
4500 ഓളം പ്രഫഷണലുകളാകും ഷോയില്‍ പ്രതിനിധികളായി എത്തുക. ലോകത്തിലെ തന്നെ പ്രമുഖ എയര്‍പോര്‍ട്ടുകളുടേയും ഏവിയേഷന്‍ വകുപ്പുകളുടേയും തലവന്‍മാര്‍ ഷോയില്‍ പങ്കെടുക്കും.
ദുബായ് സിവില്‍ ഏവിയേഷന്‍ അഥോറിറ്റി പ്രസിഡന്റും എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഗ്രൂപ്പ് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമായ ഷെയ്ഖ് അഹമദ് ബിന്‍ സാഇദ് അല്‍ മക്തും എയര്‍പോര്‍ട്ട് ഷോയ്ക്ക് നേതൃത്വം നല്‍കും.
ദുബായ് സിവില്‍ ഏവിയേഷന്‍ കൂടാതെ, ദുബായ് എയര്‍പോര്‍ട്‌സ്, ദുബായ് പോലീസ്, എയര്‍ ട്രാവല്‍ ഏജന്‍സിയായ ഡിനാറ്റ, ദുബായ് ഏവിയേഷന്‍ എഞ്ചിനീയറിംഗ്, ഗ്ലോബല്‍ നാവിഗേഷന്‍ സര്‍വ്വീസസ്, ദുപബായ് എയര്‍ നാവിഗേഷന്‍ സര്‍വ്വീസസ്, എന്നിവയുടെ പിന്തുണയും സഹകരണവും എയര്‍പോര്‍ട്ട് ഷോയ്ക്കുണ്ട്.