അബുദാബി : വിമാനത്താവളത്തിലേക്ക് ഡ്രൈവറില്ലാ കാറിൽ സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് അബുദാബി. സാദിയാത്ത്, യാസ് ഐലൻഡ് എന്നിവിടങ്ങളിൽനിന്നാണ് എയർപോർട്ടിലേക്ക് സൗജന്യ സേവനം. യാത്രക്കാരെ കാത്ത് 18 ഡ്രൈവറില്ലാ കാറുകളാണ് യാസ് ഐലൻഡിലുള്ളത്. അബുദാബിയുടെ പൊതുഗതാഗത സേവനം പരിസ്ഥിതിസൗഹൃദമാക്കുന്നതിന്റെ മുന്നോടിയായാണ് ഡ്രൈവറില്ലാ ഇലക്ട്രിക്കൽ കാർ വ്യാപകമാക്കുന്നത്.
തുടക്കത്തിൽ എമിറേറ്റിന്റെ വിവിധ മേഖലകളിൽ സൗജന്യയാത്ര വാഗ്ദാനം ചെയ്താണ് ജനങ്ങളെ ആകർഷിക്കുന്നത്. 2021 മുതൽ പരീക്ഷണയോട്ടം നടത്തിവരുന്ന സ്വയം നിയന്ത്രിത വാഹനം ഇതിനകം 30,000 ട്രിപ്പിലൂടെ 4.3 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചു. 99 ശതമാനവും കൃത്യതയോടെയായിരുന്നു സേവനം. നാമമാത്രമായാണ് മനുഷ്യ ഇടപെടൽ വേണ്ടിവന്നത്.
നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ച് സ്മാർട്ട് ഗതാഗത മേഖല വികസിപ്പിക്കുകയാണ് ലക്ഷ്യം. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സേവനം. 2040ഓടെ അബുദാബിയിലെ മൊത്തം വാഹനങ്ങളിൽ 25 ശതമാനം സ്വയംനിയന്ത്രിത വാഹനമാക്കുക, കാർബൺ പുറന്തള്ളൽ 15 ശതമാനം കുറയ്ക്കുക, റോഡപകടങ്ങൾ 18 ശതമാനം കുറയ്ക്കുക എന്നിവ ഉൾപ്പെടെ സുപ്രധാന ലക്ഷ്യങ്ങൾ കൈവരിക്കാനും അബുദാബി മൊബിലിറ്റി ലക്ഷ്യമിടുന്നു.
ബാറ്ററിയിൽ പ്രവർത്തിക്കുന്ന സ്വയം നിയന്ത്രിത വാഹനത്തിന് മണിക്കൂറിൽ പരമാവധി 90 കി.മീ വേഗത്തിൽ സഞ്ചരിക്കാം. 65 കി.മീ ആയിരിക്കും ശരാശരി വേഗം. വാഹനത്തിന്റെ അകത്തും പുറത്തും സ്ഥാപിച്ച നവീന ക്യാമറ, സെൻസർ എന്നിവയുടെ സഹായത്തോടെ മറ്റു വാഹനങ്ങളുടെ സാന്നിധ്യം സ്വയം മനസ്സിലാക്കി കൂട്ടിയിടിക്കാതെയും വേഗം നിയന്ത്രിച്ചും സഞ്ചരിക്കും.യാത്രക്കാർ സ്ക്രീനിൽ കാണുന്ന നിർദേശം പാലിക്കണം. ആപ് സ്റ്റോർ, പ്ലേ സ്റ്റോർ എന്നിവിടങ്ങളിൽനിന്ന് ടിഎക്സ്എഐ (ടക്സൈ) ആപ് ഡൗൺലോഡ് ചെയ്ത് ടാക്സി ബുക്ക് ചെയ്യാം.
