ദുബായ്: ലോകത്തിന്റെ നാല് ദിക്കിൽനിന്നും വിനോദ സഞ്ചാരികൾ വന്നുചേരുന്ന ദുബായ് നഗരത്തിൽ ഏതു സമയവും പൊലീസിനെ ബന്ധപ്പെടാൻ നൂതന സംവിധാനങ്ങൾ. അഞ്ച് ഡിജിറ്റൽ നൂതന സംവിധാനങ്ങളാണ് ദുബായ് ടൂറിസ്റ്റ് പൊലീസ് വിനോദസഞ്ചാരികളുമായി ആശയ വിനിമയത്തിന് സജ്ജീകരിച്ചിട്ടുള്ളത്.
ഇതുവഴി വളരെ എളുപ്പത്തിൽ 24 മണിക്കൂറും സഹായവും സേവനങ്ങളും ആവശ്യപ്പെടാൻ സാധിക്കും. ദുബായ് പൊലീസ് സ്മാർട്ട് ആപ്പിലെ ‘ടൂറിസ്റ്റ് പൊലീസ്’ സേവനം, ദുബായ് പൊലീസ് വെബ്സൈറ്റ്, ഇ-മെയി ൽ, 901 എന്ന കാൾ സെൻറർ നമ്പർ, സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾ എന്നിവയാണ് പൊലീസിനെ ബന്ധപ്പെടാൻ ഒരുക്കിയ അഞ്ച് ഡിജിറ്റൽ സംവിധാനങ്ങൾ.
ഈ വർഷത്തിന്റെ തുടക്കം മുതൽ ഈ സംവിധാനങ്ങൾ വഴി 3,509 അന്വേഷണങ്ങൾ, നിർദേശങ്ങൾ, അഭിപ്രായങ്ങൾ എന്നിവ പൊലീസിന് ലഭിച്ചതായി അധികൃതർ വെളിപ്പെടുത്തി. കഴിഞ്ഞ വർഷം ആകെ 7,652 ഇടപെടലുകളാണ് ടൂറിസ്റ്റ് പൊലീസുമായി ഉണ്ടായത്. ദുബായ് പൊലീസ് സ്മാർട്ട് ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് വഴി വിനോദസഞ്ചാരികൾക്ക് ടൂറിസ്റ്റ് പൊലീസുമായി എളുപ്പത്തിൽ സംവദിക്കാൻ കഴിയും.ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾക്ക് അന്വേഷണങ്ങളും റിപ്പോർട്ടുകളും അനായാസം സമർപ്പിക്കാൻ കഴിയുന്ന രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. വിനോദസഞ്ചാരിക ൾക്ക് ദുബായ് പൊലീസ് വെബ്സൈറ്റും ആശയവിനിമയത്തിന് യോജിച്ച സംവിധാനമാണ്. ദുബായിൽ ഉടനീളം സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾ (എസ്.പി.എസ്) സ്ഥിതി ചെയ്യുന്നുണ്ട്.മനുഷ്യ ഇടപെടലില്ലാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇവിടെ വിനോദസഞ്ചാരികൾക്ക് നിർദേശങ്ങളും റിപ്പോർട്ടുകളും എളുപ്പത്തിൽ സമർപ്പിക്കാൻ സാധിക്കും.
ദുബായ് നഗരത്തെ ജീവിക്കാനും ജോലി ചെയ്യാനും സന്ദർശിക്കാനും നിക്ഷേപത്തിനും യോജിച്ച ലോകത്തെ ഏറ്റവും മികച്ച സ്ഥലമാക്കാനുള്ള സർക്കാറിന്റെ കാഴ്ചപ്പാടിന് അനുസരിച്ചാണ് നൂതന സംവിധാനങ്ങൾ നടപ്പിലാക്കുന്നതെന്ന് ടൂറിസ്റ്റ് പൊലീസ് വകുപ്പ് ഡയറക്ടർ ബി. ഖൽഫാൻ ഉബൈദ് അൽ ജല്ലാഫ് പറഞ്ഞു. ആശയവിനിമയ സംവിധാനങ്ങൾ വിനോദ സഞ്ചാരികളുടെ അനുഭവം മെച്ചപ്പെടുത്താൻ സഹാ യിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
