ദുബായ് : ഈ വർഷം അക്കാദമിക് രംഗത്ത് മികവ് പുലർത്തിയ ദുബായിലെ ഹൈസ്കൂൾ വിദ്യാർഥികളെ അഭിനന്ദനിച്ച് സന്ദേശം അയച്ച് ദുബായിലെ കിരീടാവകാശിയായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സർപ്രൈസ്. പഠനത്തിൽ മികവ് പുലർത്തിയ ഈ വിദ്യാർഥികളുടെ മാതാപിതാക്കൾക്കും ഷെയ്ഖ് ഹംദാനിൽ നിന്ന് സമാനമായ അഭിനന്ദന സന്ദേശങ്ങൾ ലഭിച്ചു.
അക്കാദമിക് റിവാർഡ് പ്രോഗ്രാമിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ഈ വിദ്യാർഥികളിൽ 40 എമിറാത്തികളും പ്രവാസികളും ഉൾപ്പെടുന്നു. പൊതു, സ്വകാര്യ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ ഐബി, യുകെ (എ ലെവൽ, എഎസ് ലെവൽ) തുടങ്ങിയ സിലബസിൽ പഠിച്ചവരാണ്.
“നിങ്ങളുടെ വിജയം ദുബായിലുള്ള എല്ലാവർക്കും അഭിമാനകരമാണ്. അക്കാദമിക് മികവ് നിലനിർത്തണം. വിവിധ സ്രോതസ്സുകളിൽ നിന്ന് അറിവ് നേടുന്നതിന് നിരന്തരം പരിശ്രമിക്കുക. സമൂഹത്തിനും രാജ്യത്തിനും അർത്ഥവത്തായ സംഭാവനകൾ നൽകണം”- ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദേശത്തിൽ വ്യക്തമാക്കി.