ന്യൂഡൽഹി : വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഷാങ്ഹായ് ഉച്ചകോടിയിൽ ( ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ) പങ്കെടുക്കാനായി പാക്കിസ്ഥാനിലേക്ക്. ഒക്ടോബർ 15, 16 തീയതികളിൽ ഇസ്‌ലാമാബാദിൽ നടക്കുന്ന ഉച്ചകോടിയിൽ ഇന്ത്യൻ പ്രതിനിധി സംഘത്തെ ജയശങ്കർ നയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
കശ്മീർ പ്രശ്‌നവും അതിർത്തി കടന്നുള്ള ഭീകരവാദവും കാരണം ന്യൂഡൽഹിയും ഇസ്‌ലാമാബാദും തമ്മിലുള്ള ബന്ധം വഷളായതിനിടയിലാണ് ജയശങ്കറിന്റെ പാക്കിസ്ഥാൻ സന്ദർശനം. ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പാകിസ്ഥാൻ ക്ഷണിച്ചിരുന്നു.
2020ൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ഷാങ്ഹായ് ഉച്ചകോടിയിൽ, പാക്കിസ്ഥാനെ പ്രതിനിധീകരിച്ചത് വിദേശകാര്യ പാർലമെന്ററി സെക്രട്ടറിയാണ്. കഴിഞ്ഞ വർഷം ഓൺലൈനായാണ് ഇന്ത്യ ആതിഥേയത്വം വഹിച്ചത്.
അന്ന് വിഡിയോ ലിങ്ക് വഴി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് പങ്കെടുത്തിരുന്നു. ഇന്ത്യ, ചൈന, റഷ്യ, പാക്കിസ്ഥാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
