പ്രേമൻ ഇല്ലത്ത് , കുവൈറ്റ്
കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബായുടെ നിര്യാണത്തോടെ, അറബ് ലോകത്തിന്റെ കരുത്തുറ്റ ഒരു നയതന്ത്ര സ്രോതസ്സാണ് നിശ്ചലമായതു. എന്നും സംഘർഷഭരിതമായിരുന്ന അറബ് രാഷ്ട്രീയത്തിലെ, സംയമനത്തിന്റെയും, സമചിത്തതയുടെയും, സർവോപരി മാനവിക വീക്ഷണങ്ങളുടെയും പരിണത പ്രജ്ഞമായ സാന്നിധ്യമായിനിലകൊണ്ട അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ്, പ്രതിസന്ധി ഘട്ടങ്ങളിലെ മദ്ധ്യസ്ഥ നിലപാടുകളുടെ മിശിഹ തന്നെ യായിരുന്നു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സൗദി ഖത്തർ തർക്കങ്ങൾ രമ്യതയിൽ എത്തിക്കാൻ നിരന്തര യത്നത്തിലായിരുന്നു അന്തരിച്ച അമീർ. ഈ മദ്ധ്യസ്ഥ ശ്രമങ്ങൾക്കേറ്റവലിയ ആഘാതം കൂടിയാണ് അമീറിന്റെ വിടവാങ്ങൽ.
കുവൈറ്റ്, അതിന്റെ 260 വർ ഷങ്ങളിലെ സബാഹ് ഭരണ ചരിത്രത്തിൽ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രതിസന്ധി ഘട്ടമായിരുന്നു സദ്ദംഹുസ്സയിന്റെ കുവൈറ്റ് അധിനിവേശ കാലം. 1990 ആഗസ്ത് മുതൽ 1991 ഫിബ്രവരി വരെ, സദ്ദാമിന്റെ കിരാത ഭരണത്തിൽ ഞെരിഞ്ഞമർന്ന രാജ്യത്തെ, തിരിച്ചു പിടിക്കാൻ കഴിഞ്ഞത് അമീറിന്റെ രാജ്യതന്ത്രജ്ഞതയുടെ പതറാത്ത കരുത്തിലാണ്. എല്ലാം നഷ്ടപ്പെട്ട കുവൈറ്റിനെ ലോകത്തിലെ ആറാമത്തെ എണ്ണഉത്പാദന രാഷ്ട്രമാക്കാനും, സമ്പദ് ഘടനയെലോകത്തിന്റെ മുൻ നിരയിൽ എത്തിക്കാനും അമീർ നടത്തിയ ശ്രമങ്ങൾ കുവൈറ്റിന്റെ ചരിത്രത്തിലെ സ്വർണ ലിപികളിലുള്ള അടയാളങ്ങളാണ് .
അമേരിക്കയുടെ പക്ഷത്തു ഉറച്ചു നിൽക്കുമ്പോഴും പലസ്‌തീനിലെയുo സിറിയയിലെയും നിരാലംബർക്കൊ പ്പമെന്ന കുവൈറ്റിന്റെ രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിക്കാനും, ഈ ജനവിഭാഗങ്ങൾക്ക് നിലോഭ സഹായങ്ങൾ ചെയ്യാനും അമീർ പ്രതിജ്ഞാബദ്ധമായി നിലകൊണ്ടത്,ലോക ശ്രദ്ധ നേടിയിരുന്നു.
2006ലാണ് അമീർ ഷെയ്ക് സബാഹ് അൽ അഹമ്മദ് അൽ സബാഹ്, കുവൈറ്റിന്റെ അമീറായി സ്ഥാനാരോഹണം ചെയ്യപ്പെട്ടത്. 1963 മുതൽ അമ്പതു വർഷക്കാലം വിദേശ മന്ത്രിയായി സേവനമനുഷ്ഠിച്ചു. 48 ലക്ഷം ജനസംഖ്യയുള്ള കുവൈറ്റിൽ 34ലക്ഷവും വിദേശികളാണ്. ഈ അസന്തുലിതാവസ്ഥ ചർച്ചകളിൽ, കുവൈറ്റിന്റെ അഭിവൃദ്ധിക്ക് വേണ്ടി സേവനം ചെയ്യുന്നവരാണ് ഈ വിദേശികൾ എന്ന മാനുഷിക പരിഗണന ശ്രദ്ധിക്കപ്പെട്ട കാലമായിരുന്നു അമീറിന്റേത്. അമീറിന്റെ ഈ വിടവാങ്ങൽ കുവൈറ്റ് ജനതയ്‌ക്കൊപ്പം ഇവിടെ പ്രവർത്തിക്കുന്ന വിദേശ സമൂഹത്തിനും വലിയ നഷ്ടം തന്നെ. ആദരാജ്ഞലികൾ.