പ്രോസിക്യുഷനും പോലീസിനും കേസ് നടത്തിപ്പില്‍ വന്‍വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയ കോടതി നിയമത്തിനു മുന്നിലെത്താന്‍ ശ്രമിക്കുമ്പോള്‍ അറസ്റ്റ് എന്തിനെന്നും ചോദിച്ചു
കൊച്ചി : പുതുമുഖ നടിയെ അവസരം നല്‍കാമെന്ന് പ്രലോഭിച്ച് പീഡിപ്പിച്ച കേസില്‍ നടനും നിര്‍മിതാവുമായ വിജയ് ബാബുവിന് ജാമ്യം അനുവദിച്ച ഹൈക്കോടതി പ്രോസിക്യൂഷനേയും പോലീസിനേയും അതിരൂക്ഷമായി വിമര്‍ശിച്ചു.
വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നത് മാധ്യമശ്രദ്ധ നേടാനല്ലേയെന്നും ആരെ കാണിക്കാനാണ് നാടകമെന്നും കോടതി ചോദിച്ചു. പോലിസിന്റെ വിശ്വാസ്യതയെ സംരക്ഷിക്കാനുള്ള ബാധ്യത കോടതികള്‍ക്കില്ല, സാധാരണ പൗരന്റെ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കാനാണ് കോടതികള്‍ എന്നും പോലീസിന്റെ നിര്‍ബന്ധ ബുദ്ധി കേസിന്റെ മെറിറ്റിനെ പോലും ബാധിക്കുമെന്നും കോടതി പറഞ്ഞു.
വിദേശത്ത് ഉള്ള പ്രതിയെ പിടിക്കാന്‍ നിങ്ങള്‍ക്കായോ ഒരു മാസമായില്ലേ ഇതിനു ശ്രമിക്കുന്നു എന്ന് പോലീസിനോട് കോടതി ചോദിച്ചു. ഒരാള്‍ ഇന്ത്യന്‍ നിയമ വ്യവസ്ഥയ്ക്ക് വിധേയനാകാന്‍ ശ്രമിക്കുമ്പോള്‍ അയാളെ അറസ്റ്റ് ചെയ്യുന്നത് എന്തിനാണെന്ന് ചോദിച്ച കോടതി വിജയ് ബാബു നാട്ടില്‍ വരുന്നതിനെ പോലീസ് എതിര്‍ക്കുകയാണെന്നും നിരീക്ഷിച്ചു.
പോലീസും വിജയ് ബാബുവും ഒളിച്ചുകളിക്കുകയാണോയെന്ന് സംശയിച്ചു പോകുന്നതായും കോടതി പറഞ്ഞു. പാസ്‌പോര്‍ട്ട് റദ്ദ് ചെയ്യാന്‍ സാധിച്ചെന്ന പോലീസിന്റെ വാദത്തെ കോടതി തള്ളി.
ലോകത്ത് ഇന്ത്യന്‍ പാസ്‌പോര്‍ട്ടും വീസയും ഇല്ലാതെ താമസിക്കാനാകുന്ന ദ്വീപുകള്‍ ഉണ്ടെന്നത് ഓര്‍ക്കണമെന്നും കോടതി പോലീസിനോട് പറഞ്ഞു.
കോടതിയുടെ സംരക്ഷണം ലഭിക്കാന്‍ വിജയ് ബാബുവിന് അവകാശമുണ്ട്.കുറ്റക്കാരനെന്ന് തെളിയും വരെ വിജയ് ബാബു നിരപരാധിയാണെന്നും, വിജയ് ബാബു ചിലര്‍ക്ക് താരമായിരിക്കാമെന്നും പക്ഷേ,കോടതിക്ക് ഏതൊരു സാധരണക്കാരനേയും പോലെ മാത്രമാണ്.
ബലാല്‍സംഗ കേസിന്റെ ഗൗരവം ചൂണ്ടിക്കാണിച്ച പ്രോസിക്യൂഷനോട് വിജയ് ബാബുവും നടിയും തമ്മില്‍ നടന്ന വാട്‌സ്ആപ് ചാറ്റുകള്‍ വായിച്ചിരുന്നോ എന്ന് കോടതി ചോദിച്ചു.
വിജയ് ബാബു സ്ഥലത്ത് ഇല്ലാത്തതിനാലാണ് കേസിന്റെ മെറിറ്റിലേക്ക് പോകാത്തതെന്ന് കോടതി പറഞ്ഞു.
നേരത്തെ, വിജയ് ബാബുവിന്റെ സ്വത്ത് കണ്ടുകെട്ടാന്‍ പോലീസ് നീക്കം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും മൊഴിയെടുക്കകയും ചെയ്തു. എന്നാല്‍, ഹൈക്കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവ് പോലീസിന് തിരിച്ചടിയും നാണക്കേടുമായിരിക്കുകയാണ്.