കൊച്ചി: ലോകത്തിലെ ഏറ്റവും മികച്ച വിഡിയോ കോൺഫറൻസ് ആപ്പുകൾക്ക് വെല്ലുവിളി ഉയർത്തി ഇന്ത്യയുടെ ഔദ്യോഗിക ആപ്പായി കേരളം സമ്മാനിച്ച വികൺസോൾ നടപ്പു സാമ്പത്തികവർഷം പത്തു ലക്ഷം ഉപയോക്താക്കളെ ലക്ഷ്യമിട്ട് അടുത്ത മാസം വിപണിയിലെത്തും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്ന വീഡിയോ കോൺഫറൻസിംഗ് സംവിധാനമാണ് ടെക്‌ജെൻഷ്യയുടെ അടുത്ത ലക്ഷ്യം.
കൊവിഡ് കാലത്ത് വിഡിയോ കോൺഫറൻസ് (വി.സി) സംവിധാനം ഏറ്റവുമധികം ആവശ്യമുള്ള മേഖലകളായ ഓൺലൈൻ അധ്യയനത്തിലും ടെലിമെഡിസിനിലുമായിരിക്കും വികൺസോൾ ശ്രദ്ധ നൽകുകയെന്ന് ആപ്പ് വികസിപ്പിച്ച ചേർത്തല ഇൻഫോപാർക്കിലെ ടെക്‌ജെൻഷ്യ സോഫ്റ്റ്‌വെയർ ടെക്‌നോളജീസ് (ടി.എസ്.ടി) സി.ഇ.ഒ ജോയ് സെബാസ്റ്റ്യൻ പറഞ്ഞു.
വിദേശിയല്ലാത്ത വി.സി ആപ്പ് വികസിപ്പിക്കാൻ കേന്ദ്ര ഇലക്ട്രോണിക്‌സ് ഐ.ടി വകുപ്പു നടത്തിയ ഗ്രാൻഡ് ഇന്നോവേഷൻ ചലഞ്ചിലാണ് രണ്ടായിരത്തോളം കമ്പനികളെ പിന്തള്ളി വികൺസോൾ ചരിത്രം സൃഷ്ടിച്ചത്. ലോകമെങ്ങും പ്രചാരത്തിലുള്ള സൂം, ഗൂഗിൾ മീറ്റ് എന്നിവയെ കീഴടക്കാൻ പോന്ന സാങ്കേതികമേന്മയുള്ള ആപ്പ് ആയാണ് വികൺസോളിനെ വിലയിരുത്തുന്നത്.
ഒരേ സമയം 80 പേർക്ക് പങ്കെടുക്കാനും 300 പേർക്ക് വീക്ഷിക്കാനും കഴിയുന്ന വികൺസോൾ തുടക്കത്തിൽ ചെറിയ ഫീസോടെയായിരിക്കും വിപണിയിലെത്തിക്കുക. മലയാളമടക്കം എട്ടു പ്രധാന ഇന്ത്യൻ ഭാഷകളിലായിരിക്കും ലഭിക്കുക. വികസിപ്പിക്കാനും വിപണനം ചെയ്യാനുള്ള ചെലവിനു വേണ്ടിയാണ് ഫീസ് ഈടാക്കുന്നത്. ആദ്യ ആഴ്ച സൗജന്യമായി ഉപയോഗിക്കാം. തൃപ്തിപ്പെട്ടാൽ വികൺസോൾ പിന്നീട് ഫീസ് നൽകി ഉപയോഗിക്കാം. ആഗോളാടിസ്ഥാനത്തിൽ വികൺസോൾ വിപണനം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ ഏത് കോണിലും വികൺസോൾ ലഭ്യമാക്കാനുള്ള നിക്ഷേപവും വിഭവശേഷിയും കണ്ടെത്താനാണ് ടി.എസ്.ടി ശ്രമിക്കുന്നതെന്ന് ജോയ് സെബാസ്റ്റ്യൻ പറഞ്ഞു. ഇന്നോവേഷൻ ചാലഞ്ചിൽ ഒന്നാമതെത്തിയതിന് ഒരു കോടി രൂപ കേന്ദ്രം നൽകി. കേന്ദ്ര സർക്കാർ ഓഫിസുകളിൽ വികൺസോൾ ആയിരിക്കും ഔദ്യോഗിക വിസി ആപ്പ്. ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ ഓഫിസുകൾക്ക് പ്രവർത്തിപ്പിക്കാൻ കഴിയും. മൂന്നു വർഷത്തേക്കാണ് കേന്ദ്ര സർക്കാരുമായി കരാർ. ഓരോ വർഷവും മെയ്ന്റൻസ് ഗ്രാന്റായി പത്തു ലക്ഷം രൂപ കേന്ദ്രം നൽകും.
അത്യധ്വാനത്തിന്റെ വിജയം
കഴിഞ്ഞ ഏപ്രിൽ 12 ന് ആരംഭിച്ച ഗ്രാൻഡ് ഇന്നൊവേഷൻ ചാലഞ്ചിൽ മുന്നോട്ടു പോകാനാവില്ലെന്ന് പലപ്പോഴും തോന്നിയിരുന്നതായി ജോസ് സെബാസ്റ്റ്യൻ പറഞ്ഞു. 2009 ൽ തുടങ്ങിയ കമ്പനിയിലെ 65 ജീവനക്കാർക്കും ജയിക്കണമെന്ന വാശിയായിരുന്നു. 15 പേരടങ്ങിയ അടിസ്ഥാന ടീം രാപ്പകൽ അധ്വാനിച്ച് മൂന്നു ഘട്ടങ്ങളിലായി നടത്തിയ മത്സരത്തിലാണ് ലക്ഷ്യം കണ്ടത.് കഴിഞ്ഞ വ്യാഴാഴ്ച കേന്ദ്ര ഇലക്ട്രോണിക്‌സ് ഐ.ടി മന്ത്രി രവിശങ്കർ പ്രസാദ് ആണ് വിജയികളെ പ്രഖ്യാപിച്ചത്. ഭീമൻ കമ്പനികളടക്കം 1,983 മത്സരാർത്ഥികൾ രണ്ടാംഘട്ടത്തിൽ പന്ത്രണ്ടിലേയ്ക്കും പിന്നീട് അഞ്ചിലേയ്ക്കും അവസാനം മൂന്നിലും ചുരുങ്ങിയപ്പോഴാണ് വികൺസോൾ വിജയികളായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മനിർഭർ ഭാരതിന്റെ ഭാഗമായിട്ടായിരുന്നു ഇന്ത്യയുടെ സ്വന്തം വി.സി ആപ്പിനുവേണ്ടി മത്സരം സംഘടിപ്പിച്ചത്.
മുന്നേറ്റത്തിന്റെ തെളിവ്
സംസ്ഥാനത്തെ ഐ.ടി മേഖല ഊർജസ്വലമായി മുന്നേറുന്നതിന്റെ തെളിവാണ് വികൺസോൾ കൈവരിച്ച നേട്ടമെന്ന് കേരള ഐ.ടി പാർക്ക്‌സ് സി.ഇ.ഒ ശശി പി.എം പറഞ്ഞു. ചെറുപട്ടണങ്ങളിൽനിന്നുപോലും ലോകോത്തര ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ കേരളത്തിനു കഴിയും. വിവരസാങ്കേതികവിദ്യയെ ഇടത്തരം, ചെറുകിട പട്ടണങ്ങളിലേയ്ക്ക് എത്തിക്കാനുള്ള പരിശ്രമത്തിനു ഫലം കണ്ടുതുടങ്ങിയെന്നാണ് വികൺസോളിന്റെ വിജയം തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.