ദില്ലി : ദില്ലിയില്‍ വായുമലിനീകരണത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ വൈകിയതില്‍ കേന്ദ്രസര്‍ക്കാരിനെയും ദില്ലി സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കരുതെന്ന് കോടതി നിര്‍ദേശം നല്‍കി. ദില്ലി വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. വായുഗുണനിലവാര സൂചിക 450 ന് മുകളിലെത്തിയതോടെ നാലാംഘട്ട നിയന്ത്രണത്തിലാണ് രാജ്യതലസ്ഥാനം. എന്നാല്‍, കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ വൈകിയതിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. വ്യാഴാഴ്ചയ്ക്ക് മുന്‍പായി ഇതുവരെയുളള പൂര്‍ണമായ നടപടികള്‍ വിശദീകരിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാനും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ജിആർഎപി 4-ന് കീഴില്‍ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക ടീമുകള്‍ രൂപീകരിക്കണമെന്നും നിർദേശമുണ്ട്.
ആരോഗ്യത്തോടെ ജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തിലേക്ക് നീങ്ങിക്കഴിഞ്ഞു രാജ്യതലസ്ഥാനം. ദിനംപ്രതി വായുമലിനീകരണത്തോത് വര്‍ധിക്കുന്നു. വിദൂരക്കാഴ്ച നൂറ് മീറ്ററിലും താഴെയായി. പുകമഞ്ഞും അന്തരീക്ഷ മലിനീകരണവും ദില്ലിയെ ശ്വാസം മുട്ടിക്കുകയാണ്. വായുഗുണനിലവാര സൂചിക അഞ്ഞൂറിലേക്ക് അടുത്തതോടെ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ നാലാംഘട്ടം നടപ്പിലാക്കിയിരിക്കുകയാണ് ദില്ലി സര്‍ക്കാര്‍. സ്‌കൂളുകള്‍ പൂര്‍ണമായും അടച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി. സ്വകാര്യ വാഹനങ്ങളെ ഇരട്ട, ഒറ്റയക്ക നമ്ബര്‍ എന്ന നിലയില്‍ ക്രമീകരിച്ചിട്ടുണ്ട്. അതേസമയം, കേന്ദ്രസര്‍ക്കാര്‍ വായുമലിനീകരണം കുറയ്ക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി ദില്ലി മുഖ്യമന്ത്രി അദിഷി മര്‍ലേന രംഗത്തെത്തി. മറ്റ് സംസ്ഥാനങ്ങളിലെ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് വര്‍ധിച്ചതാണ് സ്ഥിതി മോശമാക്കിയതെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ വിശദീകരണം.