മസ്കത്ത്: ഒമാനുമായി വ്യവസായ-വാണിജ്യ ബന്ധം ശക്തിപ്പെടുത്തുന്നതിനായി സൗദി അറേബ്യയിലെ ഔദ്യോഗിക പ്രതിനിധി സംഘം ഒമാനിലെ ഉന്നത അധികൃതരുമായി കൂടിക്കാഴ്ച നടത്തി. ഒമാനിലെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസുഫുമായുള്ള കൂടിക്കാഴ്ചയിൽ വ്യവസായിക സഹകരണത്തിനുള്ള പുതിയ സാധ്യതകളെക്കുറിച്ചും വിശദമായ ചർച്ച നടന്നു.
സംഘത്തിന് നേതൃത്വമൊരുക്കിയത് സൗദി വ്യവസായ, ധാതു വിഭവ മന്ത്രാലയത്തിലെ വ്യവസായിക വികസന ഡെപ്യൂട്ടി മന്ത്രി എഞ്ചിനിയർ അൽ ബദർ അദേൽ ഫൗദ, സാമ്പത്തിക ആസൂത്രണ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സാമ്പത്തിക കാര്യ ഡെപ്യൂട്ടി മന്ത്രി അൽബാര അലാസ്കന്ദരാനി എന്നിവരാണ്.
ഇരു രാജ്യങ്ങളും തങ്ങളുടെ ദേശീയ ദർശനങ്ങളുമായി പൊരുത്തപ്പെടുന്ന വ്യവസായം, നിക്ഷേപം, വാണിജ്യ മേഖലകളിൽ സംയുക്ത നീക്കങ്ങൾ ആവിഷ്കരിക്കണമെന്ന് ചർച്ചയിൽ ഊന്നി പറയുന്നു. പ്രത്യേകിച്ച് നിക്ഷേപ അന്തരീക്ഷം ശക്തിപ്പെടുത്തുകയും പൊതുമേഖലയും സ്വകാര്യമേഖലയും തമ്മിലുള്ള പങ്കാളിത്തം വർധിപ്പിക്കുകയും ചെയ്യാനാണ് ലക്ഷ്യം.
ഡോ. സാലിഹ് ബിൻ സഈദ് മസാൻ്റെ നേതൃത്വത്തിൽ ഒമാനിലെ വാണിജ്യ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം പ്രതിനിധീകരിച്ച സംഘം സൗദി സംഘംവുമായും കൂടിക്കാഴ്ച നടത്തി. വ്യവസായിക സംയോജനത്തിനും സാമ്പത്തിക സഹകരണത്തിനും വേണ്ടിയുള്ള തന്ത്രപരമായ മേഖലകളെ കുറിച്ചുള്ള അവലോകനം കൂടിയായിരുന്നു.
കൂടാതെ, ഉൽപ്പാദനം, വിതരണ ശൃംഖല, മൂല്യവർധിത വ്യവസായങ്ങൾ എന്നിവയിൽ പരസ്പര സഹകരണത്തിനുള്ള സാധ്യതകളും, ഇരു രാജ്യങ്ങളിലെയും വ്യവസായ സ്ഥാപനങ്ങൾ തമ്മിലുള്ള സംയോജന പദ്ധതികളും യോഗത്തിൽ ഉയർത്തിക്കാട്ടി.
ഒമാനും സൗദിയും തമ്മിലുള്ള ദീർഘകാല സാമ്പത്തിക പങ്കാളിത്തം കൂടുതൽ ബലപ്പെടുത്തുന്നതിനുള്ള ആസൂത്രിത നീക്കങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനവും ചർച്ചകളും നടന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.