മസ്‌കത്ത് : വാണിജ്യ, വ്യാപാര പ്രവര്‍ത്തനങ്ങള്‍ സജീവമല്ലാത്തതോ ലൈസന്‍സ് കാലഹരണപ്പെട്ടതോ ആയ വാണിജ്യ റജിസ്‌ട്രേഷനുകള്‍ റദ്ദാക്കി വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രാലയം . 35,778 വാണിജ്യ റജിസ്‌ട്രേഷനുകള്‍ക്ക് തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും റദ്ദാക്കിയ കമ്പനികളില്‍ ജോയിന്റ് സ്‌റ്റോക്ക് കമ്പനികളോ വ്യക്തിഗത വ്യാപാരികളോ ഉള്‍പ്പെടുന്നില്ലെന്നും മന്ത്രാലയം അറിയിച്ചു.
റജിസ്റ്റര്‍ ചെയ്തിരിക്കുന്ന മുഴുവന്‍ വാണിജ്യ സ്ഥാപനങ്ങളും നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു നടപടി. ആദ്യ ഘട്ടത്തന്റെ ഭാഗമായി 1970 മുതല്‍ 1999 വരെയുള്ള കാലയളവില്‍ പ്രവര്‍ത്തനം നിര്‍ത്തിയതോ ലൈസന്‍സ് കാലഹരണപ്പെട്ടതോ ആയ 3,415 കമ്പനികളുടെ റജിസ്‌ട്രേഷന്‍ നേരത്തെ റദ്ദാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായ പരിശോധനയിലാണ് ഇതിനോടകം 32,000ല്‍ പരം കമ്പനികള്‍ക്ക് തുടര്‍ പ്രവര്‍ത്തന അനുമതി നഷ്ടപ്പെട്ടിരിക്കുന്നത്.
കൂടുതല്‍ കമ്പനികളെ ഉള്‍പ്പെടുത്തിയുള്ള അവലോകനങ്ങളുടെ തുടര്‍ ഘട്ടം ഉടന്‍ ഉണ്ടാകും. ആര്‍ട്ടിക്കിള്‍ 15ല്‍ അനുശാസിക്കുന്ന വാണിജ്യ റജിസ്റ്റര്‍ നിയമ നമ്പര്‍ (3/74) അടിസ്ഥാനമാക്കിയാണ് റജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള തീരുമാനമെന്ന് അധികൃതര്‍ വിശദീകരിച്ചു. ഒരു വ്യാപാരി മരിക്കുക, ബിസിനസ് നടത്തുന്നത് അവസാനിപ്പിക്കുക, കമ്പനി ലിക്വിഡേറ്റ് ചെയ്യപ്പെടുക, ബ്രാഞ്ച് അല്ലെങ്കില്‍ ഏജന്‍സി എന്നന്നേക്കുമായി അടയ്ക്കുക എന്നിങ്ങനെയുണ്ടെങ്കില്‍ വാണിജ്യ റജിസ്റ്റര്‍ റദ്ദാക്കണമെന്നാണ് നിയമം.
