മസ്കത്ത്: ഗതാഗത മേഖലക്ക് കരുത്തേകാൻ രാജ്യത്ത് വാട്ടര്‍ ടാക്സി പദ്ധതി യാഥാർഥ്യമാക്കാന്‍ ഗതാഗത, വാര്‍ത്താ വിനിമയ, വിവരസാങ്കേതിക മന്ത്രാലയം. നേരത്തെ പ്രഖ്യാപിച്ച പദ്ധതിയുടെ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുകയാണ് മന്ത്രാലയം. ഇതിനായി നിക്ഷേപകരെ ക്ഷണിച്ചിരിക്കുകയാണ്. അടുത്ത മാസം ഒമ്പതിന് മുമ്പായി മന്ത്രാലയത്തില്‍ നിന്നും രേഖകള്‍ കൈപ്പറ്റണം.
മേഖലയില്‍ പരിചയ സമ്പത്തുള്ള കമ്പനികള്‍ക്കാണ് മുൻഗണന. പദ്ധതി സംബന്ധിച്ച് ഗതാഗത, വാര്‍ത്താ വിനിമയ മന്ത്രാലയം നേരത്തെ പഠനം നടത്തിയിരുന്നു. മസീറയിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, മസ്കത്തില് പദ്ധതി വിജയിക്കുന്ന ഘട്ടത്തില്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. കടൽ ഗതാഗതത്തിന് സൗകര്യമൊരുക്കിയാണ് ടാക്സി സര്‍വിസ് നടപ്പാക്കുന്നത്.
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വാട്ടര്‍ ടാക്സി സംവിധാനം ഗുണം ചെയ്യുമെന്നാണ് കണക്ക് കൂട്ടുന്നത്. മെട്രോ ഉള്‍പ്പെടെയുള്ള ഗ്രേറ്റര്‍ മസ്കത്ത് സ്ട്രക്ച്ചര്‍ പ്ലാന്‍ (ജി.എം.എസ്.പി) അനുബന്ധമായാണ് വാട്ടര്‍ ടാക്സിയും ഏര്‍പ്പെടുത്തുന്നത്. സുരക്ഷിതമായ കടല്‍ സഞ്ചാര ടൂറിസമാണ് ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.











