നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവിനു പിന്നാലെ വാടകയും വര്‍ദ്ധിക്കുമെന്ന സൂചനകള്‍ പ്രവാസികള്‍ക്ക് ഇരുട്ടടിയാകും
അബുദാബി : യുഎഇയില്‍ വീട്ടുവാടക വര്‍ദ്ധിക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ ആശങ്കയുമായി പ്രവാസികള്‍. കുടുംബത്തോടൊപ്പം താമസിക്കുന്നവര്‍ക്കാണ് പ്രതിമാസ ബജറ്റ് താളം തെറ്റുക.
കോവിഡ് കാലത്ത് സാമ്പത്തിക രംഗത്ത് മാന്ദ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറച്ചത് വാടകയിനത്തില്‍ കുറവുണ്ടായിരുന്നതിനാല്‍ സന്തുലിതാവസ്ഥയിലായിരുന്നു.
കുട്ടികളുടെ ഫീസ് ഇനത്തിലും ബാങ്ക് വായ്പ, ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് എന്നിവയ്ക്കും കോവിഡ് കാലത്ത് ഇളവു ലഭിച്ചിരുന്നു. എന്നാല്‍, ഈ ആനുകൂല്യങ്ങളെല്ലാം ഇപ്പോള്‍ ഒന്നൊന്നായി പിന്‍വലിച്ചിരിക്കുകയാണ്.
ഈ വര്‍ഷമാദ്യം തന്നെ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിച്ചിരുന്നു. ഇതേതുടര്‍ന്ന് കുടുംബ ബജറ്റില്‍ ഗ്രോസറി സാമഗ്രികള്‍ക്കുള്ള ചെലവ് വര്‍ദ്ധിച്ചിരുന്നു.
ഇന്ധന വില യുഎഇയില്‍ റെക്കോര്‍ഡ് നിലവാരത്തില്‍ ഉയര്‍ന്നതും ഗ്രോസറി സാമഗ്രികളുടെ വില വര്‍ദ്ധനവിന് കാരണമായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വാടകയില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍.
കോവിഡ് കാലത്ത് അജ്മാന്‍, ഷാര്‍ജ എന്നി എമിറേറ്റുകളില്‍ നിന്ന് നിരവധി കുടുംബങ്ങള്‍ ദുബായിലേക്ക് താമസം മാറിയിരുന്നു. നിരവധി പേര്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയതിനെ തുടര്‍ന്ന് ദുബായ് റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റില്‍ വാടക നിരക്കില്‍ ഇടിവു രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണിത്.
വാടക വര്‍ദ്ധിക്കുമെന്ന് ഉറപ്പായാല്‍ ഇവരില്‍ ഭൂരിഭാഗവും അജ്മാന്‍, ഷാര്‍ജ എന്നീ വടക്കന്‍ എമിറേറ്റുകളിലേക്ക് തന്നെ മടങ്ങിയേക്കും.
അബുദാബി സിറ്റിയിലും വാടക ഇനത്തില്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് റിയല്‍ എസ്റ്റേറ്റ് വിദഗ്ദ്ധര്‍ നല്‍കുന്ന സൂചന. മുസഫ, ബനിയാസ് തുടങ്ങിയ ഇടങ്ങളിലേക്ക് പ്രവാസികള്‍ താമസം മാറുന്നതിന് ഇത് വഴിവെയ്ക്കും.
കഴിഞ്ഞ രണ്ടു വര്‍ഷമായി ശമ്പളത്തില്‍ കുറവുണ്ടായിരുന്നവര്‍ക്ക് ഈ സാഹചര്യത്തില്‍ ശമ്പള വര്‍ദ്ധനവ് ഉണ്ടാകാത്തത് പ്രതിസന്ധി രൂക്ഷമാക്കും. പെട്രോള്‍ വില കൂടിയതും പ്രവാസി കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നുണ്ട്.
ദുബായ്, അബുദാബി എന്നിവടങ്ങളില്‍ നിന്ന് വാടക കുറഞ്ഞ മറ്റിടങ്ങളിലേക്ക് തമാസം മാറുന്നവരെ ഇന്ധനവില വര്‍ദ്ധനവാണ് വലയ്ക്കുന്നത്. വലിയ ആഡംബര വാഹനങ്ങള്‍ ഉള്ളവര്‍ ഇവ വിറ്റൊഴിച്ച് ഇന്ധന ക്ഷമത കൂടിയ ചെറുവാഹനങ്ങളിലേക്ക് മാറുന്നതും ഇതിന് കാരണമായിട്ടുണ്ട്. ഇതോടെ യൂസ്ഡ് കാര്‍ വിപണിയില്‍ ചെറുവാഹനങ്ങളുടെ വിലയും വര്‍ദ്ധിച്ചിരിക്കുകയാണ്.