പാര്‍ക്കിംഗ് ലോട്ടുകളിലാണെങ്കിലും പൊടിപിടിച്ച നിലയില്‍ വാഹനങ്ങള്‍ കൂടുതല്‍ ദിവസം കിടന്നാല്‍ കെണിയാകും
മസ്‌ക്കത്ത് : നഗര സൗന്ദര്യത്തിന് കോട്ടം വരുത്തുന്ന രീതിയില്‍ വാഹനങ്ങള്‍ പൊടിപിടിച്ച് ഏറെ നാള്‍ ഇട്ടാല്‍ നീക്കം ചെയ്യുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
ഇത്തരം വാഹനങ്ങളുടെ മേല്‍ നിയമ പ്രകാരം നോട്ടീസ് പതിക്കും. തുടര്‍ന്ന് റിക്കവറി വാഹനത്തില്‍ കൊണ്ടുപോകും.
മറ്റുള്ളവര്‍ക്ക് പാര്‍ക്കിംഗ് തടസ്സവും കാല്‍ നടക്കാര്‍ക്ക് ബുദ്ധിമുട്ടും ഉണ്ടാക്കുന്ന രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്താലും നീക്കം ചെയ്യും.
പ്രവാസികള്‍ പലരും നാട്ടില്‍ പോകുമ്പോള്‍ വാഹനങ്ങള്‍ ഇത്തരത്തില്‍ പാര്‍ക്കു ചെയ്ത് പോകുക പതിവാണ്. കെട്ടിടങ്ങളില്‍ കവേഡ് പാര്‍ക്കിംഗ് ഉള്ളവരെ പോലെയല്ല, വില്ലകളിലും ചില അപ്പാര്‍ട്ടുമെന്റുകളിലും താമസിക്കുന്നവര്‍.
ഇവര്‍ ഒരു മാസം അവധിക്ക് പോകുമ്പോള്‍ പലപ്പോഴും വാഹനങ്ങള്‍ പൊടിപിടിച്ച് കിടക്കുന്ന അവസ്ഥയിലാകും. മുനിസിപ്പാലിറ്റി വാഹനങ്ങള്‍ കൊണ്ടുപോകുമെന്ന തിരിച്ചറിവിനെ തുടര്‍ന്ന് വാഹനങ്ങള്‍ക്ക് കവര്‍ ഇടുന്ന പതിവും ഉണ്ട്.
ജോലി നഷ്ടപ്പെട്ടവരും കോവിഡ് കാലത്ത് നാട്ടിലേക്ക് പോയി മടങ്ങി വരാതെ ഇരുന്നവരും മറ്റും വാഹനങ്ങള്‍ ഉപേക്ഷിച്ച് പോയതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ വാഹനങ്ങള്‍ ഏറെ നാളുകളായി പൊടിപിടിച്ച് കിടക്കുന്നുണ്ട്. ഈ വാഹനങ്ങളും മുനിസിപ്പാലിറ്റി നീക്കം ചെയ്തു തുടങ്ങി.
2020 നു ശേഷം ഇതുവരെ രണ്ടര ലക്ഷം പേര്‍ രാജ്യം വിട്ട് പോയിട്ടുണ്ട്. ഇവരുടെ വാഹനങ്ങള്‍ ഇത്തരത്തില്‍ വിവിധ ഭാഗങ്ങളിലായി ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടെന്നാണ് കണക്കുകള്‍. ഈ വാഹനങ്ങള്‍ പൊതു ലേലത്തില്‍ വില്‍ക്കും.