സംസ്ഥാനത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷവും (1,02,254) പ്രതിദിന രോഗികളുടെ എണ്ണം 3,000വും കടക്കുമ്പോൾ അതിജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. കഴിഞ്ഞ 7 മാസക്കാലമായി കോവിഡിനെതിരായ പ്രതിരോധം സംസ്ഥാനം ശക്തമായ നിലയിൽ കൊണ്ട് പോകുകയാണ്. ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള സർക്കാരിന്റെ മുഴുവൻ സംവിധാനവും കോവിഡിനെതിരായ പോരാട്ടത്തിൽ രാവും പകലുമില്ലാതെ അധ്വാനിക്കുകയാണ്.
ആകെ കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നപ്പോഴും മരണ സംഖ്യ 410 മാത്രമെന്നതും രോഗമുക്തി കൂടുതലായതും നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ മികവാണ്. ആരോഗ്യ പ്രവർത്തകരുടെ ആത്മാർത്ഥ പ്രവർത്തനത്തിന്റെ ഫലം കൂടിയാണിത്. മറ്റ് പലയിടത്തും മരണനിരക്ക് 4 മുതൽ 10 ശതമാനമായപ്പോൾ നമ്മുടെ സംസ്ഥാനത്തെ മരണനിരക്ക് 0.4 ശതമാനം മാത്രമാണ്. ആകെ രോഗികൾ ഒരു ലക്ഷം ആകുമ്പോഴും 73,904 പേരും രോഗമുക്തി നേടി. ഇനി ചികിത്സയിലുള്ളത് 27,877 പേരാണെന്നും മന്ത്രി വ്യക്തമാക്കി.












