പ്രവാസി പ്രതിനിധികള്‍ക്ക് താമസവും ഭക്ഷണവും നല്‍കുന്നതിനെ ധൂര്‍ത്തെന്ന് വിളിക്കുന്നത് അനുചിതം
തിരുവനന്തപുരം : ലോക കേരള സഭയെ കുറിച്ച് ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും പ്രവാസികള്‍ക്ക് ഭക്ഷണവും താമസവും ഒരുക്കുന്നതിനെ ധൂര്‍ത്ത് എന്ന് വിളിക്കുന്നത് അനുചിതമാണെന്നും നിയമസഭ സ്പിക്കര്‍ എംബി രാജേഷ്.
മുന്‍പ് നടന്ന രണ്ട് ലോക കേരള സഭകളുടെ പ്രോഗസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടും പ്രവാസികള്‍ക്ക് താമസം ഒരുക്കിയതിനെ വിമര്‍ശിച്ചും പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നത് അധിക്ഷേപത്തിന്റെ വക്കിലെത്തി നില്‍ക്കുകയാണ്.
പ്രവാസികളില്‍ നിന്നും എന്ത് ഇങ്ങോട്ട് കിട്ടുന്നുവെന്ന് മാത്രം ചിന്തിക്കുന്ന മനോഭാവത്തിന്റെ പ്രശ്‌നമാണതെന്ന് സ്പീക്കര്‍ എംബി രാജേഷ് സഭയെ അഭിസംബോധന ചെയ്യവേ പറഞ്ഞു.
നേരത്തെ വ്യവസായി എംഎ യൂസഫലിയും ഈ വിമര്‍ശനത്തെ അപലപിച്ചിരുന്നു. പ്രവാസികള്‍ സ്വന്തം കൈയ്യില്‍ നിന്ന് പണം ചെലവഴിച്ച് ടിക്കറ്റെടുത്താണ് തിരുവനന്തപുരത്ത് എത്തിയത്.
സമ്മേളനത്തിന് എത്തിയവര്‍ക്ക് താമസവും ഭക്ഷണവും നല്‍കിയത് ധൂര്‍ത്താണെന്നാണ് വിമര്‍ശനം. ഇത് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതിന് മാത്രമേ ഉപകരിക്കുവെന്നും എം എ യൂസഫലി പറഞ്ഞു.
വികസന കാര്യങ്ങളിലും പ്രവാസി പ്രശ്‌നങ്ങളിലും ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിക്കണം. യൂസഫലി പറഞ്ഞു.
ലോക കേരള സഭ വിജയകരമായി സംഘടിപ്പിച്ചതിന് കേരള സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് പല പ്രവാസി സംഘടനകളും പറഞ്ഞു.
രാഷ്ട്രീയം നോക്കാതെയുള്ള സമീപനമാണ് ഇക്കാര്യത്തില്‍ വേണ്ടതെന്നും ഇവര്‍ പറഞ്ഞു.
ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തില്‍ 63 രാജ്യങ്ങളില്‍ നിന്നും 21 സംസ്ഥാനങ്ങളില്‍ നിന്നും 351 പ്രതിനിധകള്‍ പങ്കെടുത്തിരുന്നു.












