മനാമ: ലോക ഓട്ടിസം അവബോധ ദിനമായ ഏപ്രിൽ രണ്ട് സമുചിതമായി ആചരിച്ച് ബഹ്റൈനും. ഓട്ടിസം ബാധിതരുടെ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഇതിനെക്കുറിച്ച് അവബോധം വളർത്തുന്നതിനുമാണ് എല്ലാ വർഷവും ലോക ഓട്ടിസം അവബോധ ദിനം ആചരിക്കുന്നത്. 2008 മുതലാണ് ഡബ്ല്യു.എച്ച്.ഒ ഏപ്രില്‍ രണ്ട് ലോക ഓട്ടിസം ബോധവത്കരണ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.
ഭിന്നശേഷി വ്യക്തികളുടെ തുല്യത പ്രോത്സാഹിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള സർക്കാർ, സിവിൽ, സ്വകാര്യ മേഖലകളുടെ സംയുക്തമായ ശ്രമങ്ങളെ ഏകോപിപ്പിച്ച് ബഹ്റൈൻ നടത്തുന്ന പ്രവർത്തനങ്ങളെ ഭിന്നശേഷി രക്ഷിതാക്കളുടെയും ബന്ധപ്പെട്ടവരുടെയും അസോസിയേഷൻ ചെയർപേഴ്സൻ ഡോ. ശൈഖ റാനിയ ബിൻത് അലി അൽ ഖലീഫ എടുത്തുപറഞ്ഞു. എല്ലാ പൗരന്മാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ദർശനത്തെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ പിന്തുണയെയും പ്രതിഫലിപ്പിക്കുന്നതാണിതെന്നും അവർ പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2024 മാർച്ച് വരെ രാജ്യത്ത് 1662 വ്യക്തികൾ ഓട്ടിസം ബാധിതരായുണ്ടെന്ന് ഡോ. ശൈഖ റാനിയ പറഞ്ഞു. ഇത്തരം അവസ്ഥയിൽ കഴിയുന്നവർക്കുള്ള സമഗ്ര വിദ്യാഭ്യാസ, തൊഴിലവസരങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പുനരധിവാസ, പരിശീലന പരിപാടികൾ എന്നിവ രാജ്യം വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അവർ പറഞ്ഞു.
അറിയുക, ഓട്ടിസം ഒരു രോഗമല്ല. ഒരു അവസ്ഥയാണ്. വളർച്ചാവികാസത്തിൽ തലച്ചോറിലുണ്ടാകുന്ന വൈകല്യങ്ങളാണ് ഓട്ടിസം സ്പെക്ട്രം. ആശയവിനിമയശേഷി ഇല്ലാതിരിക്കുക, സമൂഹവുമായുള്ള ഇടപെടലുകളിൽ വിമുഖത കാണിക്കുക, ഭാഷാ വൈകല്യം, ആവർത്തിച്ചുള്ള പെരുമാറ്റം എന്നിവയൊക്കെ ഓട്ടിസത്തിന്റെ ഭാഗമാണ്. മികച്ച പരിചരണം, സ്നേഹം, പരിഗണന എന്നിവയാണ് ഇത്തരം അവസ്ഥയിൽ കഴിയുന്നവർക്കായി നൽകേണ്ടത്.
ലോകമെമ്പാടുമുള്ള ഓട്ടിസം ബാധിച്ച വ്യക്തികളില്‍ സമഗ്രമായ നയങ്ങളും രീതികളും എങ്ങനെ പോസിറ്റിവ് മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം, ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ഈ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ വർഷത്തെ ഓട്ടിസം അവബോധ ദിന പ്രമേയം ലക്ഷ്യമിടുന്നത്.
