ജിദ്ദ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാകാൻ പോകുന്ന ‘ജിദ്ദ ടവറി’ന്റെ നിർമാണം പുനരാംരംഭിച്ചു. മൂന്നര വർഷത്തിനുള്ളിൽ പൂർത്തിയാകും. കിങ്ഡം ഹോൾഡിങ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ അമീർ അൽവലീദ് ബിൻ തലാൽ, സി.ഇ.ഒ എൻജി. തലാൽ അൽ മൈമാൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ടവറിന്റെ നിർമാണം പുനരാംരംഭിച്ച വിവരം കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജിദ്ദ ടവറിന്റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതായും അഭിലാഷത്തിന്റെയും പുരോഗതിയുടെയും ആഗോള പ്രതീകം പടുത്തുയർത്താൻ കോൺക്രീറ്റ് ഇട്ട് തുടങ്ങിയതായും കമ്പനി വൃത്തങ്ങൾ പറഞ്ഞു. ജിദ്ദ ടവറിന്റെ ഉയരം ഒരു കിലോ മീറ്ററിൽ കൂടുതലാണ്. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണിത്. ഇത് ജിദ്ദ നഗരത്തിന്റെ ആകാശത്തിന്റെ അതിർവരമ്പുകളെ പുനർനിർവചിക്കുകയും വാസ്തുവിദ്യാ മികവിനും സാമ്പത്തിക അവസരങ്ങൾക്കുമുള്ള ഒരു കേന്ദ്രമായി രാജ്യത്തെ സ്ഥാപിക്കുകയും ചെയ്യുകയാണ് ഈ നിർമാണത്തിലൂടെയന്നും കമ്പനി വ്യക്തമാക്കി.
ഓരോ നാല് ദിവസത്തിലും ഒരു നില എന്ന തോതിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി അമീർ അൽവലീദ് ബിൻ തലാൽ പറഞ്ഞു. 42 മാസത്തിനുള്ളിൽ ടവർ പൂർത്തിയാകും. പദ്ധതിയുടെ തുടക്കത്തിൽ നിശ്ചയിച്ച അതേ ഘടനയിൽ തന്നെയാണ് നിർമിക്കുന്നത്. അതിൽ എന്തെങ്കിലും എൻജിനീയറിങ് മാറ്റങ്ങൾ നടത്തിയിട്ടില്ലെന്നും അമീർ അൽവലീദ് പറഞ്ഞു. ജിദ്ദ ടവർ പദ്ധതി ‘വിഷൻ 2030’ ചട്ടക്കൂടിനുള്ളിലാണ്.
75,000 മുതൽ ഒരു ലക്ഷം വരെ ആളുകൾക്ക് താമസിക്കാനുള്ള സൗകര്യമുണ്ടാവും. അതിന് പുറമെ ഈ ടവറിൽ വരുന്ന വാണിജ്യ സ്ഥാപനങ്ങളും സ്കൂളുകളും ആശുപത്രികളും കൂടി ചേരുമ്പോൾ ടവറിലെ മൊത്തം ജനസംഖ്യ 10 ലക്ഷം ആയി ഉയരും. അതാണ് പ്രതീക്ഷിക്കുന്നതും. ടവറിന് ചുറ്റുമുള്ള സ്ഥലങ്ങളുടെ മൂല്യം ഉയരാൻ ഈ പദ്ധതിക്ക് കാര്യമായ സ്വാധീനം ചെലുത്താനായിട്ടുണ്ട്. പദ്ധതി പ്രഖ്യാപിച്ചപ്പോൾ തന്നെ ഭൂമി വില ഉയരാൻ തുടങ്ങിയിരുന്നു. ബാങ്കുകൾ വഴിയും ടവറിലെ അപ്പാർട്ട്മന്റെുകളുടെ വിൽപനയിലൂടെയുമാണ് പദ്ധതിക്ക് ആവശ്യമായ പണം കണ്ടെത്തുന്നതെന്ന് അൽവലീദ് പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട് ആഗോള തലത്തിൽ കമ്പനികൾക്ക് നിർമാണ, നടത്തിപ്പ് പങ്കാളിത്തമുണ്ട്. അത് പിന്നീട് പ്രഖ്യാപിക്കും. 53 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പദ്ധതിയാണിത്. സ്കൂളുകൾ, സർവകലാശാല, ആശുപത്രികൾ, പാർപ്പിട സമുച്ചയങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. സൗദിയിലും ആഗോള തലത്തിലുമുള്ള നിക്ഷേപകർക്ക് ഒരുപോലെ നല്ല അവസരങ്ങളാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. നിർമാണ പ്രക്രിയയിൽ തനതായ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതെന്നും അൽ വലീദ് പറഞ്ഞു.
നിർമാണം പുനരാരംഭിച്ച ചടങ്ങ് വർഷങ്ങളുടെ അധ്വാനം ആവശ്യമായ ഒരു ദർശനത്തിന്റെ മൂർത്തീഭാവത്തെ പ്രതിനിധീകരിക്കുന്നുവെന്ന് കിങ്ഡം ഹോൾഡിങ് കമ്പനി സി.ഇ.ഒ പറഞ്ഞു. അഡ്രിയാൻ സ്മിത്ത്, ഗോർഡൻ ഗെയ്ൽ ആർക്കിടെക്റ്റ്സ് എന്നീ പ്രശസ്ഥ സ്ഥാപനങ്ങളിൽനിന്നുള്ള രാജ്യാന്തര ആർക്കിടെക്റ്റുകളുടെ സഹകരണത്തോടെ ജിദ്ദ ഇക്കണോമിക് കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്. തോൺടൺ ടോമാസെറ്റി, ലംഗൻ ഇൻറർനാഷനൽ എന്നിവിടങ്ങളിൽനിന്നുള്ള പ്രമുഖ എൻജിനീയർമാരുടെ ഒരു ടീമുമുണ്ട്. ടവറിൽ ലക്ഷ്വറി റസിഡൻഷ്യൽ യൂനിറ്റുകൾ, വാണിജ്യ ഇടങ്ങൾ, ഫോർ സീസൺസ് ഹോട്ടൽ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
ജിദ്ദ നഗരത്തിന്റെയും ചെങ്കടലിന്റെയും കാഴ്ചകൾ ആസ്വദിക്കാൻ ഒരു നിരീക്ഷണ ഗോപുരവും ഇതിലുണ്ടാവും. സമ്പദ്വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാനും സുസ്ഥിര നഗരവികസനം പ്രോത്സാഹിപ്പിക്കാനുമുള്ള ‘സൗദി വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമാണ് ജിദ്ദ ടവർ. പ്രത്യേകിച്ചും ഈ പദ്ധതി നിർമാണ ഘട്ടങ്ങളിലും അതിനുശേഷവും ധാരാളം തൊഴിലവസരങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നതാണെന്നും സി.ഇ.ഒ പറഞ്ഞു.
