മസ്‌കത്ത് : ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഒമാൻ ഇന്ന് കുവൈത്തിനെ നേരിടും. മസ്‌കത്തിലെ ബൗഷര്‍ സുല്‍ത്താന്‍ ഖാബൂസ് സ്‌റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് കിക്കോഫ്. ആതിഥേയരെന്ന മുന്‍തൂക്കം ഒമാനാണുണ്ടെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിലും വഴങ്ങിയ തോല്‍വികള്‍ ടീമിനെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. രണ്ട് മത്സരങ്ങളിലും സമനില വഴങ്ങിയ കുവൈത്തിനും മുന്നോട്ടുള്ള പ്രയാണത്തിന് ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്.
മത്സരത്തിനായി താരങ്ങള്‍ മികച്ച മുന്നൊരുക്കങ്ങള്‍ നടത്തിയതായും ടീം പൂര്‍ണമായും തയാറായിട്ടുണ്ടെന്നും പരിശീലകന്‍ റഷീദ് ജാബിര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എതിരാളികളുടെ മികവിനെ മനസ്സിലാക്കുന്നുവെന്നും റഷീദ് ജാബിര്‍ പറഞ്ഞു. ഞങ്ങള്‍ മത്സരത്തിനായി പൂര്‍ണമായും തയാറാണെന്ന് ഒമാൻ പ്രതിരോധ താരം മുഹമ്മദ് ബിന്‍ സാലിഹ് അല്‍ മുസ്‌ലമി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
