ട്വന്റി 20ലോകകപ്പില്‍ പാക്കിസ്ഥാനോട് പരാജയപ്പെട്ടതിന്റെ പക വീട്ടല്‍, ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം
ദുബായ് : പാക്കിസ്ഥാനുമായുള്ള ഏഷ്യാകപ്പ് പോരാട്ടത്തില്‍ വിജയം കൈവരിച്ച് ഇന്ത്യ. കഴിഞ്ഞ വര്‍ഷം ലോക ടി 20 മത്സരത്തില്‍ പരാജയപ്പെട്ടതിന്റെ പകരം വീട്ടലായി ഏഷ്യാകപ്പിലെ ഇന്ത്യയുടെ വിജയം.
അവസാന ഓവര്‍ വരെ ആവേശം അലതല്ലിയ മത്സരത്തില്‍ അഞ്ചു വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റേന്തിയ പാക് പട ഉയര്‍ത്തിയ 148 റണ്‍സിന്റെ വിജയ ലക്ഷ്യം ഇന്ത്യ അഞ്ചുവിക്കറ്റും രണ്ടു പന്തുകളും ബാക്കി നില്‍ക്കെ മറികടന്നു.
ഹാര്‍ദ്ദിക് പാണ്ഡ്യ പന്തിലും ബാറ്റിലും കാണിച്ച വിസ്മയ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തിന്റെ അടിത്തറ. രവീന്ദ്ര ജഡേജയുമായി പാണ്ഡ്യ പടുത്തുര്‍ത്തിയ സഖ്യം വിജയം നേടിത്തരുകയായിരുന്നു.
കളിയുടെ ആദ്യ പകുതിയില്‍ ഇഴയുന്ന ബാറ്റിംഗ് കാഴ്ച വെച്ച ഇന്ത്യ പരാജയത്തിലേക്ക് കൂപ്പു കുത്തുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍, പതിനെട്ടാം ഓവറില്‍ 11 റണ്‍സും പന്തൊമ്പതാം ഓവറില്‍ 14 റണ്‍സും നേടിയ ജഡേജ-പാണ്ഡ്യ സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
ഇരുവരും ചേര്‍ന്ന് അര്‍ദ്ധ സെഞ്ചുറി തികച്ചതോടെ കളി പാക്കിസ്ഥാന്റെ കൈയില്‍ നിന്നും പോയി.
അവസാന ഓവറില്‍ പിരിമുറുക്കം കൂടിയ വേളയില്‍ ആരാധകരെ ആവേശത്തിലാക്കിയാണ് ഹാര്‍ദ്ദിക് നാലാം പന്ത് മൈതാനത്തിന് പുറത്തേക്ക് തൂക്കിയത്.
ആ സിക്‌സര്‍ കളിയുടെ ഗതി മാറ്റിവിട്ടു. 17 പന്തില്‍ നിന്ന് ഒരു സിക്‌സും നാല് ഫോറുമടക്കം 33 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹാര്‍ദ്ദികും 29 പന്തില്‍ നിന്ന് രണ്ട് സിക്‌സും രണ്ടു ഫോറും ഉള്‍പ്പടെ 35 റണ്‍സെടുത്ത് അവസാന ഓവറില്‍ പുറത്തായ ജഡേജയുമാണ് വിജയത്തിന്റെ ശില്‍പികള്‍.
കെഎല്‍ രാഹുലിനെ ഡക്കായി മടക്കി അയച്ച പാക്കിസ്ഥാന്‍ ഇന്ത്യക്ക് മോശം തുടക്കമാണ് ഒരുക്കിയത്. രോഹിത് ശര്‍മ പന്ത്രണ്ടും, വിരാട് കോഹ് ലി 35 ഉം റണ്‍സെടുത്ത് മടങ്ങി. സൂര്യ കുമാര്‍ യാദവ് 18 റണ്‍സെടുത്തു.
പാക്കിസ്ഥാന് വേണ്ടി മുഹമദ് നവാസ് മൂന്നും നസീം ഷാ രണ്ടും വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ടോസ് നേടിയ ഇന്ത്യ ആദ്യം പാക്കിസ്ഥാനെ ബാറ്റേന്താന്‍ പറഞ്ഞയയ്ക്കുകയായിരുന്നു. അവസാന പന്തില്‍ എല്ലാവരും പുറത്തായതോടെ പാക്കിസ്ഥാന്‍ 147 റണ്‍സ് എടുത്തിരുന്നു.
26 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറും 25 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റു വീഴ്ത്തിയ ഹാര്‍ദ്ദികുമാണ് പാക് ബാറ്റിംഗിന്റെ നട്ടെല്ലൊടിച്ചത്. അര്‍ഷ്ദീപ് സിംഗ് രണ്ടു വിക്കറ്റും വീഴ്ത്തി മികച്ച പിന്തുണ നല്‍കി.
ഇന്ത്യന്‍ ബൗളര്‍മാരെ ക്ഷമയോടെ നേരിട്ട മുഹമദ് റിസ്വാന്‍ (43) ആണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. 42 പന്തില്‍ നിന്ന് ഒരു സിക്‌സും നാല് ഫോറുകളും പായിച്ചാണ് റിസ്വാന്‍ 43 റണ്‍സ് എടുത്തത്. ക്യാപ്റ്റന്‍ ബാബര്‍ അസം( 10), ഫഖര്‍ സമാന്‍ (10) ഇഫ്തികര്‍ അഹ്‌മദ് (28) ഷദാബ് ഖാന്‍(10) ഹാരിസ് റൗഫ് (13) ഷാനവാസ് ദഹാനി (16) എന്നിവരാണ് പാക് സ്‌കോര്‍ ഉര്‍ത്തിയത്. അവസാന പന്തുകള്‍ ബൗണ്ടറികളിലേക്ക് പായിച്ചാണ് ഷാനവാസും റൗഫും സ്‌കോര്‍ 140 കടത്തിയത്.
ആറ് പന്തില്‍ നിന്നാണ് ഷാനവാസ് 16 റണ്‍സ് നേടിയത്. ഋഷഭ് പന്തിനു പകരം ദിനേഷ് കാര്‍ത്തിക്കിനെയാണ് ഇന്ത്യ കളത്തിലിറക്കിയത്.