ഈന്തപ്പഴ കര്‍ഷകര്‍ക്ക് വിപണി കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള മേള അയല്‍ രാജ്യങ്ങളില്‍ നിന്നു പോലും ജനങ്ങളെ ആകര്‍ഷിക്കുന്നു
അബുദാബി : പതിനെട്ടാമത് ഈന്തപ്പഴ മേള ജൂലൈ 16 ന് ആരംഭിക്കും. രാജ്യത്തെ ഈന്തപ്പഴ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്ന വിപണന മേള ജിസിസി രാജ്യങ്ങളിലെ ഏറ്റവും വലിയ പ്രദര്‍ശന -വില്‍പന മേളയാണ്.
യുഎഇയുടെ തനത് കൃഷി സംസ്‌കാരം പ്രദര്‍ശിപ്പിക്കുന്ന മഹാമേളയ്ക്ക് വന്‍ തിരക്കാണ് അനുഭവപ്പെടാറുള്ളത്.
അല്‍ ദഫ്രയിലെ ലിവയിലാണ് മേള നടക്കുന്നത്. ഇമറാത്തി പൈതൃക സംരക്ഷണത്തിന്റെ ഭാഗമാണ് മേളയെന്ന് അബുദാബി കള്‍ചറല്‍ പ്രോഗ്രാം ആന്‍ഡ് ഫെസ്റ്റിവല്‍ കമ്മറ്റി ഉപാദ്ധ്യക്ഷന്‍ ഇസ്സ സെയ്ഫ് അല്‍ മസ്‌റോയി പറഞ്ഞു.
വിപണന മേളയ്ക്ക് ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹിയാനാണ് നേതൃത്വം നല്‍കുക.
വൈവിധ്യമാര്‍ന്ന നിറത്തിലും രുചിയിലുമുള്ള ഈന്തപ്പഴങ്ങളാണ് മേളയില്‍ എത്തുക. കര്‍ഷകരെ പ്രോത്സാഹിപ്പിക്കാന്‍ വിളകളുടെ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. എണ്‍പത് ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
മേളയില്‍ ഈന്തപ്പഴത്തിന്റെ വിവിധ രുചിക്കൂട്ടുകള്‍ പരിചയപ്പെടുത്തുന്ന പരിപാടികളും തനത് കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.













