റാസൽഖൈമ : ഈ മാസം 17 മുതൽ റാസൽഖൈമയിലെ പ്രധാന റോഡിലെ വേഗപരിധി കുറയ്ക്കുന്നു. ഷെയ്ഖ് മുഹമ്മദ് ബിൻ സാലിം സ്ട്രീറ്റിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റൌണ്ട്എബൗട്ട് (അൽറഫ) മുതൽ അൽമർജാൻ ഐലൻഡ് റൗണ്ട്എബൗട്ട് വരെ വേഗപരിധി മണിക്കൂറിൽ 100ൽനിന്ന് 80 കിലോമീറ്റർ ആക്കിയാണ് കുറച്ചത്. ബഫർ സ്പീഡ് കഴിഞ്ഞ് പെട്ടെന്ന് 101ലേക്കു പ്രവേശിച്ചാൽ ക്യാമറ നിയമലംഘനം പകർത്തും. യുഎഇയുടെ അതിവേഗ പാതയായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡുമായി ബന്ധിപ്പിക്കുന്നവയായതിനാൽ എല്ലായ്പോഴും നല്ല തിരക്കാണ്. പൊതുജന സുരക്ഷയുടെ ഭാഗമായി ഏർപ്പെടുത്തിയ പരിഷ്കാരവുമായി സഹകരിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.
