റിയാദ് : റസിഡൻഷ്യൽ പരിസരങ്ങളിലും വ്യാവസായിക മേഖലകളിലും മൃഗശാലകൾ സ്ഥാപിക്കുന്നത് നിരോധിക്കാൻ സൗദി മുനിസിപ്പാലിറ്റി, പാർപ്പിട മന്ത്രാലയം. എന്നാൽ സംരക്ഷിത പ്രദേശങ്ങൾക്കായുള്ള നിയമങ്ങൾക്കനുസരിച്ച് വിനോദ, പാരിസ്ഥിതിക, വാണിജ്യ ആവശ്യങ്ങൾക്കായുള്ളതോ അതിനുമാത്രമായി നിയുക്തമാക്കിയ പ്രദേശങ്ങളിലും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലും മൃഗശാലകൾ സ്ഥാപിക്കാൻ അനുവാദം നൽകും.
മൃഗശാലകൾക്കായുള്ള കരട് നിയമത്തിലെ ആവശ്യകതകളിൽ പുതിയ തീരുമാനം ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവരെ സഹായിക്കുന്നതിനും പരിപാലിക്കുന്നിതിനറെ നിലവാരം ഉയർത്തുന്നതിനും ലക്ഷ്യമിട്ട്, അംഗീകാരത്തിനായുള്ള തയാറെടുപ്പിനായി “ഇസ്തിത്‌ലാ” പ്ലാറ്റ്‌ഫോം വഴിയാണ് കരട് ചട്ടങ്ങൾ മന്ത്രാലയം അവതരിപ്പിച്ചിരിക്കുന്നത്.
വംശനാശഭീഷണി നേരിടുന്ന ജീവികളേയും നിരവധി വന്യജീവികളെയും ഉൾപ്പെടുത്തി സന്ദർശകർക്ക് വിനോദവും സന്തോഷവും നൽകാൻ മൃഗശാലകകളിൽ വളർത്തുന്നു. പ്രത്യേകിച്ച് സൗദി അറേബ്യയിലെ ഏറ്റവും വലിയ മൃഗശാലയായി കണക്കാക്കപ്പെടുന്ന റിയാദ് ദേശീയ മൃഗശാലയിൽ സീബ്രകൾ, ഹൈനകൾ, ബംഗാൾ കടുവകൾ, ഒട്ടകങ്ങൾ, പലയിനം മരുകൊക്കുകൾ, അറേബ്യൻ ഓറിക്സ്, ഗ്രിഫൺ കഴുകന്മാർ, അറേബ്യൻ മരുഭൂമിയിലെ പുള്ളിപ്പുലികൾ തുടങ്ങിയ 1,500-ൽ കുറയാത്ത മൃഗങ്ങളുടേയും പക്ഷി ജന്തുജാലങ്ങളുടേയും നീണ്ട നിരയാണ് ഉള്ളത്. സിംഹങ്ങൾ, കുരങ്ങുകൾ, പക്ഷികൾ, മത്സ്യങ്ങൾ, മുതലകൾ, കഴുതപ്പുലികൾ, കടുവകൾ എന്നിങ്ങനെ വിവിധ തരം മൃഗങ്ങളെ ഉൾക്കൊള്ളുന്ന അൽഹമീദ് മൃഗശാലയും തായിഫിൽ ഉണ്ട്. റിയാദിലെ അൽഖർജ് മൃഗശാലയ്ക്ക് പുറമേ, തായിഫ് മൃഗശാലയിൽ കടുവകൾ, കഴുകന്മാർ, അരയന്നങ്ങൾ, ഒട്ടകപ്പക്ഷികൾ, കാണ്ടാമൃഗങ്ങൾ, കരടികൾ തുടങ്ങിയ ധാരാളം വിദേശ മൃഗങ്ങളും പക്ഷികളും അമ്യൂസ്മെന്റ് പാർക്കുകളുമുണ്ട്. അൽ-അഹ്സയിൽ അൽ-തറാഫ് മൃഗശാല, ജിദ്ദ അസ്ഫാൻ മൃഗശാല, അബഹ സൗത്ത് പാർക്ക് അനിമൽ പാർക്ക് എന്നിവയും ശ്രദ്ധേയമായ മൃഗശാലകളാണ്.
സൗദിയിൽ സ്വകാര്യ മേഖലയിൽ നിരവധി ചെറുതും വലുതുമായ മൃഗശാലകൾ പ്രവർത്തിക്കുന്നുണ്ട്. വന്യമൃഗങ്ങളടക്കം സ്വകാര്യമായി വളർത്തുന്നതും സംരക്ഷിക്കുന്നതും നിരവധിയാണ്. സ്വകാര്യ വ്യക്തികൾ വളർത്തുന്ന സിംഹം പോലുള്ള വന്യമൃഗങ്ങളുടെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വന്നിരുന്നു.
