കുവൈത്ത് സിറ്റി: സ്വകാര്യ റസിഡൻഷ്യൽ ഏരിയകളിൽ ബാച്ചിലർമാർ താമസിക്കുന്നതിനെതിരെ നടപടി ശക്തമാക്കി അധികൃതർ. ഖൈത്താനിൽ ബാച്ചിലർമാർ താമസിക്കുന്ന 26 അപ്പാർട്മെന്റുകളിൽ വൈദ്യുതി വിച്ഛേദിച്ചു. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ സഹകരണത്തോടെ കുവൈത്ത് മുനിസിപ്പാലിറ്റിയാണ് നടപടി എടുത്തത്.
വിവിധ നിയമലംഘനങ്ങളാണ് നടപടിക്ക് കാരണമെന്നും മുനിസിപ്പാലിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. റിയൽ എസ്റ്റേറ്റ് വസ്തുവകകളുടെ ഉടമകൾക്ക് ലംഘന വാറണ്ടും നൽകും. രാജ്യത്ത് സ്വകാര്യ റസിഡൻഷ്യൽ ഏരിയകളിൽ പ്രവാസി ബാച്ചിലർമാർ താമസിക്കുന്നതിന് വിലക്കുണ്ട്.
ഇത് ലംഘിച്ചും പലയിടങ്ങളിലും ആളുകൾ താമസിക്കുന്നുണ്ട്. ഇതിനെതിരെ അധികൃതർ നിരന്തരം മുന്നറിയിപ്പു നൽകുന്നുണ്ട്. വൈദ്യുതി റദ്ദാക്കിയതിന് പിറകെ മുനിസിപ്പാലിറ്റി ഈ കാര്യം വീണ്ടും വ്യക്തമാക്കി .