ദുബൈ: റമദാനിൽ 70 ലക്ഷം പേർക്ക് അന്നമെത്തിക്കാൻ കാമ്പയിൻ ആരംഭിച്ച് യു.എ.ഇ ഫുഡ് ബാങ്ക്. ‘യുനൈറ്റഡ് ഇൻ ഗിവിങ്’ എന്ന പേരിലാണ് വിപുലമായ കാമ്പയിൻ ആരംഭിച്ചിട്ടുള്ളത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ പത്നി ശൈഖ ഹിന്ദ് ബിൻത് മക്തൂമിന്റെ നിർദേശപ്രകാരമാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്.
യു.എ.ഇയിൽ ആഴത്തിൽ വേരൂന്നിയ അനുകമ്പയുടെയും ഔദാര്യത്തിന്റെയും മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് കാമ്പയിനെന്ന് യു.എ.ഇ ഫുഡ് ബാങ്ക് ബോർഡ് ഓഫ് ട്രസ്റ്റീസ് വൈസ് ചെയർമാൻ എൻജിനീയർ മർവാൻ അഹമദ് ബിൻ ഗാലിത പറഞ്ഞു. മാനുഷിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ലോകത്ത് നേതൃപരമായ സ്ഥാനത്തുള്ള യു.എ.ഇയുടെ കാഴ്ചപ്പാടിന് അനുസരിച്ചാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് വ്യത്യസ്ത രീതികളിലായാണ് പദ്ധതിയിൽ റമദാനിൽ ഭക്ഷണം വിതരണം നടത്തുന്നത്. ‘ബ്ലസിങ് ബാസ്കറ്റ്’ എന്ന വിഭാഗത്തിൽ രണ്ടുലക്ഷം പേർക്ക് ഓരോ ദിവസവും കിറ്റ് വിതരണം ചെയ്യുന്നുണ്ട്. ഇതിന് പുറമെ, ദിവസവും 3000 തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൊരുക്കുന്ന സഅബീൽ ഇഫ്താർ പദ്ധതിയും ഇതിൽ ഉൾപ്പെടും.
ബാക്കിവരുന്ന ഭക്ഷണം ശേഖരിച്ച് വിതരണം ചെയ്യുന്ന ‘സർപ്ലസ് ഓഫ് ഗുഡ്’ എന്ന പദ്ധതിയാണ് മറ്റൊന്ന്. ഫുഡ് ബാങ്കും ഫറ്റാഫീറ്റ് ടി.വിയും സഹകരിച്ചാണ് സമൂഹത്തെ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഹോട്ടലുകൾ, റസ്റ്റാറന്റുകൾ, കോർപറേറ്റ് സംഭാവന നൽകുന്നവർ, വ്യക്തികൾ എന്നിവരിൽ നിന്ന് പാചകം ചെയ്തതും അല്ലാത്തതുമായ ഭക്ഷ്യവിഭവങ്ങൾ ശേഖരിച്ച് ആവശ്യക്കാർക്ക് എത്തിച്ചുനൽകുന്ന പദ്ധതിയാണിത്. ജീവകാരുണ്യ സംഘടനകളുമായും സ്വകാര്യ-പൊതു മേഖലകളിലെ പങ്കാളികളുമായും ചേർന്ന് യു.എ.ഇയിലെ ഏറ്റവും ആവശ്യക്കാരായ ആളുകളെ കണ്ടെത്തിയാണ് യു.എ.ഇ ഫുഡ് ബാങ്ക് സഹായം എത്തിക്കുന്നത്.
