അബുദാബി : അടുത്തവർഷത്തെ രാജ്യാന്തര ചാന്ദ്രദിന സമ്മേളനത്തിന് അബുദാബി ആതിഥ്യം വഹിക്കും. ലക്സംബർഗിൽ നടക്കുന്ന ബഹിരാകാശ വാരത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സഭയുടെ രാജ്യാന്തര ചാന്ദ്രദിന ചെയർമാൻ ഡോ. നാസർ അൽ സഹാഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു പ്രഖ്യാപനം.
യുഎഇയെ പ്രതിനിധീകരിച്ച് എമിറേറ്റ്സ് കൗൺസിൽ ഫോർ വർക്ക് റിലേഷൻസ് ഡവലപ്മെന്റ് സിഇഒ ഡോ. സാലിം ബിൻ അബ്ദുല്ല അൽ വഹ്ഷി യോഗത്തിൽ പങ്കെടുത്തു. ബഹിരാകാശ പര്യവേഷണത്തിന്റെ ഭാവി സാധ്യതകൾ, ബഹിരാകാശത്ത് ചെലുത്താൻ കഴിയുന്ന സ്വാധീനം എന്നിവ ചർച്ച ചെയ്യുന്ന സമ്മേളനത്തിൽ രാജ്യാന്തര വിദഗ്ധർ, സംരംഭകർ, നൂതന കണ്ടുപിടിത്തക്കാർ എന്നിവർ പങ്കെടുക്കും.
ലോകത്തിലെ ഏറ്റവും വലിയ വാർഷിക ബഹിരാകാശ പരിപാടിയാണ് ലോക ബഹിരാകാശ വാരം. ബഹിരാകാശ പ്രവർത്തനങ്ങളെക്കുറിച്ച് ബോധവൽക്കരിക്കാനും ഈ രംഗത്തെ പ്രവർത്തനങ്ങൾക്കും പഠനങ്ങൾക്കും രാജ്യാന്തര സഹകരണം ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നു.
