മനാമ: രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ സൈക്ലിങ് ട്രാക്ക് തുറന്നു. സതേൺ ഗവർണറേറ്റിലാണ് 50 കിലോമീറ്റർ നീളമുള്ള സൈക്ലിങ് ട്രാക്ക്. രാജ്യത്തിന്റെ കായികമേഖലയിൽ മറ്റൊരു സുപ്രധാന നാഴികക്കല്ലായി ട്രാക്ക് മാറും. മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സിന്റെ (എസ്.സി.വൈ.എസ്) ചെയർമാനുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ സൈക്ലിങ് ട്രാക്ക് ഔദ്യോഗികമായി തുറന്നു.
സൈക്ലിങ്, ഫിറ്റ്നസ്, ഔട്ട്ഡോർ പ്രവർത്തനങ്ങൾ എന്നിവക്കടക്കം സൗകര്യമുള്ള നാസർ ബിൻ ഹമദ് സൈക്ലിങ് ട്രാക്ക്, അന്താരാഷ്ട്ര നിലവാരം പുലർത്തുന്നതരത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. പ്രഫഷണൽ, അമേച്വർ സൈക്ലിസ്റ്റുകൾക്ക് ഉപയോഗിക്കാം. എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുമുണ്ട്. എല്ലാ താമസക്കാരുടെയും ക്ഷേമത്തിനായി സുരക്ഷിതവും സുസ്ഥിരവുമായ ഫിറ്റ്നസ് കേന്ദ്രീകൃത അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തിനനുസരിച്ചാണ് രൂപകൽപന. ആരോഗ്യം, ശാരീരികക്ഷമത, വിനോദം എന്നിവയിലൂടെ രാജ്യപുരോഗതി കൈവരിക്കാനും അഭിവൃദ്ധി പ്രാപിക്കാനുമുള്ള കായിക ലക്ഷ്യങ്ങൾക്ക് ട്രാക്ക് സഹായകമാകുമെന്ന് ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ ചൂണ്ടിക്കാട്ടി.











