ഖത്തറില്‍ ജോലി ചെയ്യുന്ന താരിഖ് ഷെയ്ഖ് പതിവായി അബുദാബി ബിഗ് ടിക്കറ്റ് കൂട്ടുകാരുമായി ചേര്‍ന്ന് എടുക്കുന്ന വ്യക്തിയാണ്
അബുദാബി : ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ മലയാളിക്ക് മൂന്ന് ലക്ഷം ദിര്‍ഹത്തിന്റെ (62 ലക്ഷം രൂപ) സമ്മാനം. ഖത്തറില്‍ താമസിക്കുന്ന താരിഖ് ഷെയ്ഖിനാണ് ഇക്കുറി ഭാഗ്യം കടാക്ഷിച്ചിരിക്കുന്നത്.
കൂട്ടുകാരുമായി ചേര്‍ന്ന് പതിവായി ഭാഗ്യം പരീക്ഷിക്കുന്ന താരിഖ് ഇക്കുറി രണ്ടു വയസ്സുള്ള മകനെ കൊണ്ടാണ് ഓണ്‍ ലൈനില്‍ നമ്പര്‍ തിരഞ്ഞെടുത്തത്.
പ്രതിവാര നറുക്കെടുപ്പ് എല്ലാ ഞായറാഴ്ചയുമാണ് നടക്കുന്നത്. ഞായറാഴ്ച രാവിലെ നടന്ന നറുക്കെടുപ്പിലാണ് താരിഖിന്റെ നമ്പറിന് കുറി വീണത്.
റമദാന്‍ കാലത്തെ നോമ്പ് പ്രാര്‍ത്ഥനയ്ക്കിടെ തനിക്ക് സൗഭാഗ്യം ലഭിച്ചതില്‍ അതീവ സന്തോഷമുണ്ടെന്ന് വിവരം വിളിച്ചു പറഞ്ഞ ബിഗ് ടിക്കറ്റ് അവതാരകരോട് താരിഖ് പറഞ്ഞു.
തന്നോടൊപ്പം ടിക്കറ്റ് എടുക്കാന്‍ പങ്കാളികളായ പലര്‍ക്കും പണത്തിന്റെ അടിയന്തര ആവശ്യമുണ്ടെന്നും ബിഗ് ടിക്കറ്റ് സമ്മാനം ലഭിച്ചത് എല്ലാവര്‍ക്കും പ്രയോജനം ചെയ്യുമെന്നും താരിഖ് പറഞ്ഞു.
ടിക്കറ്റ് എടുക്കാന്‍ തന്നോടൊപ്പം ചേര്‍ന്ന സുഹൃത്തിന് സഹോദരിയുടെ വിവാഹത്തിനായി പണത്തിന്റെ ആവശ്യം ഉണ്ടായിരുന്നു. ഇപ്പോള്‍ പണം ലഭിച്ചത് അയാള്‍ക്ക് സഹായകമായെന്നും താരിഖ് കൂട്ടിച്ചേര്‍ത്തു.
ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഏപ്രില്‍ മാസത്തിലെ പ്രതിവാര നറുക്കെടുപ്പില്‍ വിജയിയാകുന്ന മൂന്നാമത്തെയാളാണ് താരിഖ് ഷെയ്ഖ്. മെയ് മൂന്നിന് നടക്കുന്ന ബിഗ് ഡ്രോയില്‍ താരിഖ് എടുത്ത 108475 എന്ന നമ്പര്‍ ടിക്കറ്റും ഉണ്ടാകും. 12 മില്യണ്‍ ദിര്‍ഹമാണ് (ഏകദേശം 24 കോടി രൂപ) ഗ്രാന്‍ഡ് പ്രൈസ്.