വാഷിംഗ്ടണ്‍: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ത്യന്‍ സമയം രാത്രി 10.30 ഓടെയായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബ്രെറ്റ് കവനോവ് സത്യവാചകം ചൊല്ലിക്കൊടുത്തു.ട്രംപിന് പുറമേ വൈസ് പ്രസിഡന്റായി ജെ ഡി വാന്‍സും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.മുൻ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, മുൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് അടക്കമുള്ളവര്‍ ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാന്‍ എത്തിയിരുന്നു.
അമേരിക്കയുടെ സുവര്‍ണകാലം തുടങ്ങിയെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ നടത്തിയ പ്രസംഗത്തിൽ ട്രംപ് പറഞ്ഞു. രാജ്യത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായിരിക്കും പ്രഥമ പരിഗണന നല്‍കുക. അമേരിക്ക ആദ്യമെന്ന നയത്തിന് തന്നെ പ്രാമുഖ്യം നല്‍കും. നീതിയുക്തമായ ഭരണം ഉറപ്പാക്കും. അമേരിക്കയെ മഹത്തരമാക്കുമെന്നും ട്രംപ് പറഞ്ഞു. വോട്ടര്‍മാര്‍ക്ക് ട്രംപ് നന്ദി പറയുകയും ചെയ്തു.
വധശ്രമങ്ങളില്‍ നിന്ന് ദൈവം തന്നെ രക്ഷിച്ചത് അമേരിക്കയെ വീണ്ടും മഹത്തായ രാജ്യമാക്കാനാണെന്നും ട്രംപ് പറഞ്ഞു. സ്വപ്‌നങ്ങൾ യാഥാര്‍ത്ഥ്യമാക്കും. രാജ്യത്ത് സമൃദ്ധിയും സ്വാതന്ത്ര്യവും ഉറപ്പാക്കും. ഒരുമിച്ച് ചരിത്രം കുറിക്കാമെന്നും ട്രംപ് പറഞ്ഞു. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായി ട്രംപ് അറിയിച്ചതോടെ വേദിയില്‍ നിന്ന് കയ്യടികള്‍ ഉയര്‍ന്നു. നിയമവിരുദ്ധ കുടിയേറ്റക്കാരെ തിരിച്ചയക്കുമെന്ന് ട്രംപ് പറഞ്ഞു.
അതിശൈത്യം മൂലം തുറന്ന വേദി ഒഴിവാക്കി ക്യാപിറ്റോള്‍ മന്ദിരത്തിനുള്ളിലെ പ്രശസ്തമായ താഴികക്കുടത്തിന് താഴെയൊരുക്കിയ വേദിയിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. സത്യപ്രതിജ്ഞയ്ക്കും ട്രംപിന്റെ പ്രസംഗത്തിനും പുറമേ ഒപ്പുചാര്‍ത്തല്‍, പെന്‍സില്‍വാനിയ അവന്യൂവിലെ പരേഡ്, കലാവിരുന്ന് എന്നിങ്ങനെ പരിപാടികളാണ് നടക്കുക. സ്ഥലപരിമിതി മൂലം അകത്തെ വേദിയില്‍ ഇടംകിട്ടാതെ പോയ അതിഥികള്‍ക്ക് ചടങ്ങ് തത്സമയം കാണാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചടങ്ങില്‍ പങ്കെടുത്തു.