റിയാദ് : ജിദ്ദയിൽ നിന്ന് വിയന്നയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾക്ക് തുടക്കമിട്ട് സൗദിയുടെ ദേശീയ എയർലൈൻ ആയ സൗദിയ. റിയാദിൽ നിന്നുള്ള വിയന്ന സർവീസുകൾക്ക് ജൂണിൽ തുടക്കമാകും. യൂറോപ്പിൽ സാന്നിധ്യം ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് വിയന്നയിലേക്ക് നേരിട്ടുള്ള സർവീസുകൾ. കഴിഞ്ഞ ദിവസം ജിദ്ദയിലെ കിങ് അബ്ലുല്ലസീസ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് വിയന്ന രാജ്യാന്തര വിമാനത്താവളത്തിലേക്ക് സൗദിയയുടെ എസ് വി 151 ഉദ്ഘാടന സർവീസ് നടത്തിയത്.
ജിദ്ദയിൽ നിന്ന് ആഴ്ചയിൽ 3 തവണ വിയന്നയിലേക്ക് സർവീസ് ഉണ്ടാകും. റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ജൂൺ മുതലാണ് വിയന്നയിലേക്ക് നേരിട്ടുള്ള സർവീസുകൾക്ക് തുടക്കമാകുന്നത്. ഈ വർഷം വിയന്ന, ഏതൻസ്, നിസ്, മലാഗ, ബാലി എന്നിവിടങ്ങളിലേക്ക് പുതിയ സർവീസുകൾ തുടങ്ങുമെന്ന് നേരത്തെ എയർലൈൻ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വിയന്നയിലേക്കുള്ള സർവീസുകൾ. ഇക്കഴിഞ്ഞ മാർച്ച് 31നാണ് ജിദ്ദയിലെ കിങ് അബ്ദുല്ലസീസ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ബാലിയിലേക്ക് 3 പ്രതിവാര സർവീസുകൾക്കും തുടക്കമിട്ടിരുന്നു.
ഈ വർഷത്തെ നെറ്റ്വർക്ക് വിപുലീകരണത്തിന്റെ ഭാഗമായി തുർക്കിയിലെ അന്റാലിയ, ഒമാനിലെ സലാല് എന്നിവിടങ്ങളിലേക്കും കൂടുതൽ സർവീസുകൾ തുടങ്ങാനുള്ള നടപടികളിലാണ് എയർലൈൻ. കൂടുതൽ നഗരങ്ങളിലേക്ക് നേരിട്ടുള്ള സർവീസുകൾ തുടങ്ങുന്നത് യൂറോപ്യൻ രാജ്യങ്ങളിലേക്ക് അവധിക്കാല യാത്രകൾ നടത്തുന്ന സൗദിയിലെ പ്രവാസികൾക്കും ബിസിനസുകാർക്കും ഏറെ ഗുണം ചെയ്യും.
2024 ൽ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ വർഷാവർഷമുള്ള വർധന 16 ശതമാനമാണ്. സൗദിയുടെ ദേശീയ ടൂറിസം നയം അനുസരിച്ച് 2030നകം പ്രതിവർഷം 150 മില്യൻ യാത്രക്കാരെയാണ് രാജ്യത്തേക്ക് പ്രതീക്ഷിക്കുന്നത്. ദേശീയ ടൂറിസം നയത്തിന്റെ ലക്ഷ്യങ്ങൾക്കനുസൃതമായാണ് കൂടുതൽ നഗരങ്ങളിലേക്ക് നേരിട്ടുള്ള സർവീസുകൾക്ക് തുടക്കമിടുന്നത്. നിലവിൽ 100 നഗരങ്ങളിലേക്കാണ് സൗദിയ സർവീസ് നടത്തുന്നത്.
