അബൂദബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ യു.എസ് സന്ദർശനം ആരംഭിച്ചു.തിങ്കളാഴ്ച യു.എസിലെത്തിയ അദ്ദേഹത്തിന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. അമേരിക്കൽ പ്രസിഡന്റ് ജോ ബൈഡനുമായി ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തും. വാണിജ്യ, പ്രതിരോധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
അതോടൊപ്പം ഫലസ്തീൻ വിഷയങ്ങൾ ഉൾപ്പെടെ പശ്ചിമേഷ്യയിൽ തുടരുന്ന ഭൂമിശാസ്ത്രപരമായ അനിശ്ചിതത്ത്വങ്ങളും ചർച്ച ചെയ്യും. പ്രസിഡന്റ് പദവി ഏറ്റെടുത്ത ശേഷം ആദ്യമായാണ് ശൈഖ് മുഹമ്മദ് യു.എസ് സന്ദർശിക്കുന്നത്.അതുകൊണ്ടുതന്നെ 50 വർഷം നീളുന്ന യു.എ.ഇ-യു.എസ് ഉഭയകക്ഷി ബന്ധത്തിൽ നിർണായക നാഴികക്കല്ലായാണ് ഈ സന്ദർശനം വിലയിരുത്തുന്നത്.
പ്രാദേശികമായും ആഗോള തലത്തിലും യു.എസിന്റെ പ്രധാന വാണിജ്യ പങ്കാളിയായി യു.എ.ഇ തുടരുമെന്നു തന്നെയാണ് സന്ദർശനം വ്യക്തമാക്കുന്നത്. വികസനം, രാഷ്ട്രീയം, സുരക്ഷ, സാമ്പത്തികം, വാണിജ്യം, പ്രതിരോധം എന്നീ മേഖലകളിൽ വ്യാപരിച്ചുകിടക്കുന്നതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം. 1971ൽ യു.എ.ഇ രൂപവത്കരണത്തിന് തൊട്ടുപിറകെ ആരംഭിച്ചതാണ് യു.എസുമായുള്ള സഹകരണ ബന്ധം. 1974ൽ വാഷിങ്ടണിൽ യു.എ.ഇ എംബസി സ്ഥാപിക്കുകയും ചെയ്തു.
ഇതേ വർഷംതന്നെ അബൂദബിയിൽ യു.എസ് എംബസിയും സ്ഥാപിതമായി. 2022ൽ 23.8 ശതകോടിയായിരുന്ന എണ്ണയിതര വ്യാപാരം കഴിഞ്ഞ വർഷം 39.5 ശതകോടി ഡോളറിലെത്തിയിരുന്നു. 2022ൽ 21.3 ശതകോടി ഡോളറായിരുന്ന ഇറക്കുമതി കഴിഞ്ഞ വർഷം 25.9 ശതകോടിയിലെത്തുകയും ചെയ്തിരുന്നു.
യു.എ.ഇയിൽനിന്നുള്ള കയറ്റുമതിയിലും കാര്യമായ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 2022ൽ 3.2 ശതകോടി ഡോളറായിരുന്ന സ്ഥാനത്ത് കഴിഞ്ഞ വർഷം 3.9 ശതകോടിയായി വർധിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാമ്പത്തിക സഹകരണത്തിന്റെ തെളിവായാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.











