ദുബൈ: യു.എ.ഇയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൂടെ ബൈക്ക് ടൂറുമായി മലയാളികളടക്കമുള്ള ഇന്ത്യൻ സംഘം. 8 പ്രമുഖ ബൈക്ക് റൈഡർമാരാണ് ടൂറിൽ പങ്കെടുക്കുന്നത്. ഇതാദ്യമായാണ് ഇന്ത്യയിൽനിന്ന് ഒരു മോട്ടോർ സൈക്കിൾ ടൂർ സംഘം യു.എ.ഇയിലെത്തുന്നത്. ജനുവരി 31ന് ആരംഭിച്ച യാത്ര ഇതിനകം ദുബൈ, ഫുജൈറ, ഹത്ത, കൽബ തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചു. അടുത്ത ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങൾ സന്ദർശിച്ച് ഫെബ്രുവരി നാലിന് അവസാനിക്കുന്ന രീതിയിലാണ് യാത്ര സജ്ജീകരിച്ചിട്ടുള്ളത്.
എട്ട് റൈഡർമാരിൽ നാലുപേർ വനിതകളാണെന്ന പ്രത്യേകതയുമുണ്ട്. യു.എ.ഇയിലെ യാത്ര പ്രതീക്ഷിച്ചതിലും ആഹ്ലാദകരമായിരുന്നുവെന്നും നല്ല പിന്തുണയാണ് ടൂറിന് ലഭിച്ചതെന്നും സംഘാംഗങ്ങൾ ദുബൈയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ സർക്കാറിന്റെയും സമൂഹത്തിന്റെയും ഭാഗത്തുനിന്ന് ഇത്തരം സംരംഭങ്ങൾക്ക് കൂടുതൽ പിന്തുണയുണ്ടാകേണ്ടതുണ്ടെന്ന് മലയാളി റൈഡർമാർ അഭിപ്രായപ്പെട്ടു.
മലയാളികളായ മോട്ടോർ സ്പോർട് അത്ലറ്റ് മുഹമ്മദ് ഇർഫാൻ, കണ്ണൂർ സ്വദേശിയും സിഗ്ൾ വീൽ സൈക്കിൾ 500കി.മീറ്റർ ഓടിച്ച് ശ്രദ്ധേയനായ വ്യക്തിയുമായ സനീദ്, കന്യാകുമാരി മുതൽ കശ്മീർ വരെ ബൈക്ക് റൈഡ് നടത്തി ശ്രദ്ധേയരായ അശ്വതി ഉണ്ണികൃഷ്ണൻ, വരുൺ എന്നിവരും വൈപർ പൈലറ്റ്, ലൂണ വാനില എന്നീ ഇൻസ്റ്റഗ്രാം ഐ.ഡികളിൽ അറിയപ്പെടുന്ന ദമ്പതികളും സംഘത്തിന്റെ ഭാഗമാണ്.
സോളോ ബൈക്ക് റൈഡിലൂടെ ശ്രദ്ധേയയായ അസം സ്വദേശിനി പ്രിയ ഗൊഗോയി, രാജസ്ഥാനിലെ ജയ്പൂർ സ്വദേശിനിയായ ആശ്ലേഷയും ടീമിലെ മറ്റംഗങ്ങളാണ്. റോയൽ എൻഫീൽഡിന്റെ ഇന്ത്യയിലെ റെന്റൽ പാർട്ണറായ റൈഡ് ഓൺ, ടൂർസ് ആൻഡ് ട്രാവൽസ് കമ്പനിയായ ഡെസ്റ്റിനാരോയുമായി സഹകരിച്ചാണ് ബൈക്ക് ടൂർ സംഘടിപ്പിച്ചത്. നടിയും മോഡലും ഇൻഫ്ലുവൻസറുമായ സ്നേഹ മാത്യുവും പരിപാടിയുടെ ഭാഗമായി.
