റിയാദ് : ഇന്ത്യയുൾപ്പെടെ 129 രാജ്യങ്ങളെ പിന്തള്ളി 2024ലെ യുവജനങ്ങൾക്കായുള്ള വേൾഡ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മത്സരത്തിൽ സൗദി അറേബ്യ ഒന്നാം സ്ഥാനം നേടി. വിവിധ പൊതുവിദ്യാഭ്യാസ ഘട്ടങ്ങളിൽ നിന്നുള്ള 1,298 വിദ്യാർഥികളടങ്ങിയ സൗദിയുടെ പ്രതിനിധി സംഘം 662 നൂതന എഐ പ്രോജക്ടുകൾ പ്രദർശിപ്പിച്ച് 22 മെഡലുകൾ നേടി.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ രാജ്യത്തിന്‍റെ വളർന്നുവരുന്ന നേതൃത്വം സ്വർണം, വെള്ളി, വെങ്കലം പ്രത്യേക അവാർഡുകൾ എന്നിവ സൗദി പ്രതിനിധി സംഘത്തിന്‍റെ നേട്ടങ്ങളിൽ ഉൾപ്പെടുന്നു. ആഗോളതലത്തിൽ 18,000ത്തിലധികം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. യുഎസ് (20 അവാർഡുകൾ), ഇന്ത്യ (5 അവാർഡുകൾ), ഗ്രീസ് (5 അവാർഡുകൾ) തുടങ്ങിയ മികച്ച പ്രകടനം കാഴ്ചവച്ച മറ്റ് രാജ്യങ്ങളെ മറികടന്നാണ് ഈ നേട്ടം.
സൗദി അറേബ്യയിൽ നിന്നുള്ള വിദ്യാർഥികൾ നാല് ട്രാക്കുകളിൽ മത്സരിച്ചു. മിസ്ക്, നിമർ എജ്യൂക്കേഷൻ സെന്‍റർ, അജ്യാൽ അരാംകോ, നിയോം എന്നിവയുൾപ്പെടെയുള്ള സ്കൂളുകളിൽ നിന്നുള്ളവരാണ് പങ്കെടുത്തത്. വിദ്യാഭ്യാസത്തിലും നവീകരണത്തിലും ശക്തമായ അടിത്തറയുടെ പിന്തുണയോടെ എഐയിൽ സൗദി അറേബ്യയുടെ വളർന്നുവരുന്ന വൈദഗ്ധ്യത്തിന് ഈ വിജയം അടിവരയിടുന്നു. 2023ലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയുടെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഇൻഡക്സ് റിപ്പോർട്ടിന്‍റെ ആറാം പതിപ്പിൽ രാജ്യത്തിന്‍റെ എഐ നേട്ടങ്ങൾ മുൻപ് അംഗീകരിക്കപ്പെട്ടിരുന്നു.
