ദുബായ് : റമസാനിൽ 70 ലക്ഷം ഭക്ഷണ പൊതികൾ വിതരണം ചെയ്യുന്ന യുണൈറ്റഡ് ഇൻ ഗിവിങ് ക്യാംപെയ്ന് യുഎഇ ഭക്ഷ്യ ബാങ്ക് തുടക്കം കുറിച്ചു. യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പത്നി ഷെയ്ഖ ഹിന്ദ് ബിൻത് മക്തൂമിന്റെ നിർദേശപ്രകാരമാണ് പദ്ധതി ആരംഭിച്ചത്. ഔദാര്യത്തിന്റെയും അനുകമ്പയുടെയും മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ക്യാംപെയ്നെന്ന് യുഎഇ ഫുഡ് ബാങ്കിന്റെ ബോർഡ് ഓഫ് ട്രസ്റ്റീസ് ഉപാധ്യക്ഷൻ മർവാൻ അഹമ്മദ് ബിൻ ഗലീത പറഞ്ഞു. ലക്ഷക്കണക്കിന് ആളുകളുടെ ക്ഷേമത്തിനായി സംഭാവന നൽകാൻ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പ്രചോദനമേകുന്നതാണ് പദ്ധതി.
മാനുഷിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ യുഎഇയെ ആഗോള നേതാവായി നിലനിർത്തുന്നതിനൊപ്പം നിർധനർക്ക് സഹായം എത്തിക്കേണ്ട സാമൂഹിക ഉത്തരവാദിത്തം വളർത്തുകയുമാണ് ലക്ഷ്യം. ലോകമെമ്പാടുമുള്ള ഗുണഭോക്താക്കൾക്കായി മിച്ച ഭക്ഷണം ശേഖരിച്ച് വിതരണം ചെയ്യുന്നതിനും ഫുഡ് ബാങ്ക് പ്രതിജ്ഞാബദ്ധമാണ്.
ഭക്ഷണം പാഴാക്കലും നഷ്ടവും കുറയ്ക്കുന്നതിലൂടെ പാരിസ്ഥിതിക ആഘാതവും കുറയ്ക്കുന്നു. 3 വ്യത്യസ്ത ക്യാംപെയ്നുകളാണ് ഫുഡ് ബാങ്ക് നടത്തുന്നത്. ബ്ലെസിങ് ബാസ്കറ്റുകൾ എന്ന പേരിൽ ദിവസേന 2 ലക്ഷത്തിലേറെ ഭക്ഷണ പൊതികൾ നൽകുന്നതാണ് ഇതിൽ ആദ്യത്തേത്.സബീൽ ഇഫ്താർ എന്ന പേരിൽ 3000ലേറെ തൊഴിലാളികൾക്ക് ഇഫ്താർ വിഭവങ്ങളും വിതരണം ചെയ്യുന്നു.
ഇതിനു പുറമെ ഭക്ഷ്യോൽപന്നങ്ങൾ ശേഖരിച്ചും നിർധനർക്ക് എത്തിക്കുന്നതായി ഫുഡ് ബാങ്ക് എക്സിക്യൂട്ടീവ് ടീം മേധാവി മനാൽ ബിൻ യാറൂഫ് പറഞ്ഞു.2024ൽ ആദ്യ 9 മാസത്തിനിടെ രാജ്യത്തിനകത്തും പുറത്തുമായി 2.45 കോടി ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.
